കൊച്ചി: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ യു ജനീഷ് കുമാര്‍ എംഎല്‍എ. തുടക്കത്തിലുള്ള ചില്ലറ പവര്‍ കട്ടും യൂണിഫോം ഇല്ലായ്മയും കണ്ട് ആളുകള്‍ പേടിച്ചിരിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളുടെ പുറത്തുകൂടെ എലിയും പൂച്ചയും പഴുതാരയുമൊക്കെ ടോം ആന്‍ഡ് ജെറി കളിക്കുന്നത് കണ്ടിട്ടുണ്ടോയെന്നും ജനീഷ് കുമാര്‍ പരിഹസിച്ചു.
പവര്‍ കട്ട് ഒരു തുടക്കം മാത്രമാണെന്നും ഇനി എന്തൊക്കെ കാണാനിരിക്കുന്നുവെന്നും പറഞ്ഞാണ് എംഎല്‍എ കുറിപ്പ് അവസാനിപ്പിക്കുന്നത്.
കെ യു ജനീഷ് കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്
'ഭരണം നല്ലതാണ്, എന്നാലും ഒരു മാറ്റം വരട്ടെ', '10 വര്‍ഷം ആയില്ലേ, ഇനി അവരൊന്ന് നോക്കട്ടെ', 'വിഡി സതീശന്റെ ഒരു ചിരി കണ്ടില്ലേ, അങ്ങേരു മുഖ്യമന്ത്രി ആയാല്‍ പൊളിക്കും' എന്നിങ്ങനെയുള്ള ഡയലോഗുകള്‍ക്ക് ശേഷം കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ ചരിത്രം തിരുത്തിക്കുറിക്കും എന്നൊക്കെ ഡയലോഗ് വിട്ടാണ് വി ഡി സതീശന് സര്‍ക്കാര്‍ വന്നത്. തുടക്കത്തിലുള്ള ചില്ലറ പവര്‍ കട്ടും യൂണിഫോം ഇല്ലായ്മയും കണ്ടു തന്നെ ആളുകള്‍ പേടിച്ചിരിക്കുകയാണ്.
ജെന്‍ സികളും ജെന്‍ ആല്‍ഫകളും ഇതാദ്യമായിട്ട് കാണുന്നത്കൊണ്ടാണ്. നമുക്ക് ഇതൊക്കെ എന്ത്. സ്കൂള്‍ തുറന്ന് ഓണവും ക്രിസ്തുമസും വിഷുവും കഴിഞ്ഞ് അടുത്ത ക്ലാസിലേക്ക് ജയിച്ചാലും കഴിഞ്ഞ വര്‍ഷത്തെ ബുക്ക് കിട്ടാതിരുന്നിട്ടുണ്ടോ, ഇവിടെ റോഡ് പണി നടത്താന്‍ യാതൊരു സഹായവും സര്‍ക്കാരില്‍ നിന്ന് കിട്ടാഞ്ഞിട്ട് എന്‍എച്ച്എഐ ഓഫീസും പൂട്ടി തിരിച്ച് പോവുന്നത് കണ്ടിട്ടുണ്ടോ, സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളുടെ പുറത്തുകൂടെ എലിയും പൂച്ചയും പഴുതാരയുമൊക്കെ ടോം ആന്‍ഡ് ജെറി കളിക്കുന്നത് കണ്ടിട്ടുണ്ടോ…പവര്‍ കട്ട് ഒരു തുടക്കം മാത്രം മക്കളെ. നിങ്ങളിനി എന്തൊക്കെ കാണാനിരിക്കുന്നു…
Content Highlights: k u jenish kumar mla strongly criticises kerala government