'അനസ്‌തേഷ്യ കൊടുത്തതിന് പിന്നാലെ കണ്ണ് മുകളിലേക്ക് മറിഞ്ഞ് കുഞ്ഞ് വീണുപോയി, നീതി കിട്ടും വരെ പോരാട്ടം തുടരും'

കുഞ്ഞിനെ കൊന്നുകളഞ്ഞിട്ടും ആശുപത്രി ന്യായീകരിക്കുകയാണെന്ന് പിതാവ് സൂജര് പറഞ്ഞു

കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണത്തില്‍ പ്രതികരിച്ച് മരിച്ച ഒന്നര വയസുകാരന്‍ ദേവാന്‍ഷ് ശൗര്യയുടെ പിതാവ് സൂരജ്. കുഞ്ഞിനെ കൊന്നുകളഞ്ഞിട്ടും ആശുപത്രി ന്യായീകരിക്കുകയാണെന്ന് പിതാവ് പറഞ്ഞു. അനസ്‌തേഷ്യ അധികമായെന്ന് ഡോക്ടര്‍ പറഞ്ഞതാണ്. ഇപ്പോള്‍ താന്‍ ഒപ്പിട്ട് നല്‍കിയെന്നാണ് ആശുപത്രി പറയുന്നത്. അനസ്‌തേഷ്യ അധികം നല്‍കി തന്റെ മോനേ കൊല്ലാനാണോ ഒപ്പിട്ട് നല്‍കിയതെന്ന് പിതാവ് ചോദിച്ചു. തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു പിതാവിന്റെ പ്രതികരണം.

അനസ്‌തേഷ്യ കൊടുത്തതിന് പിന്നാലെ കണ്ണ് മുകളിലേക്ക് മറിഞ്ഞ് കുഞ്ഞ് വീണുപോയി. അതിന് ശേഷം പത്തോ പതിനഞ്ചോ മിനിറ്റിനുള്ളില്‍ വാവയെ ഐസിയുവിലേക്ക് മാറ്റും എന്നാണ് പറഞ്ഞത്. അതിന് ശേഷം കുഞ്ഞിനെ കാണാം എന്നും പറഞ്ഞു. പത്ത് മിനിറ്റ് കഴിഞ്ഞതും അലാറം അടിച്ചു. കുറേ ഡോക്ടര്‍മാരും നഴ്‌സുമാരും അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നതുകണ്ടു. അവിടെയുണ്ടായിരുന്ന ഒരു നഴ്‌സിനോട് കാര്യം തിരക്കിയപ്പോള്‍ നിങ്ങളുടെ കുഞ്ഞ് അല്ല എന്ന് പറഞ്ഞു. പിന്നീട് അറിയുന്നത് അനസ്‌തേഷ്യയുടെ ഡോസ് കൂടിപ്പോയെന്നും കുഞ്ഞിന് ഹൃദയാഘാതം സംഭവിച്ചു എന്നുമായിരുന്നു. അനസ്‌തേഷ്യ എങ്ങനെ കൂടിപ്പോയെന്ന് ചോദിച്ചു. അനസ്‌തേഷ്യ ഡോക്ടറെ കാണണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ അതിന് തയ്യാറായില്ലെന്നും പിതാവ് പറഞ്ഞു.

അന്വേഷണം വൈകിക്കരുതേ എന്ന അഭ്യര്‍ത്ഥനയാണ് പൊലീസിനോടും സര്‍ക്കാരിനോടുമുള്ളത്. മറുഭാഗത്തുള്ളത് വലിയ ആളുകളാണ്. പക്ഷെ നീതി കിട്ടും വരെ അവരെ ഇത് മറക്കാൻ സമ്മതിക്കില്ല. അനസ്തേഷ്യ ഡോക്ടര്‍ മാത്രമല്ല മൂന്ന് ഡോക്ടര്‍മാര്‍ കൂടി ഇതില്‍ ഉള്‍പ്പെടണം. എല്ലാ സത്യവും അവര്‍ക്ക് അറിയാം. ഇപ്പോള്‍ അവര്‍ സത്യം ഒളിപ്പിക്കുന്നതാണ്. പക്ഷെ അവര്‍ക്ക് സത്യം പറയേണ്ടി വരും. നീതി കിട്ടും വരെ പോരാട്ടം തുടരും. തന്റെ മകനെ ഇനി തിരിച്ചുകിട്ടില്ല. പക്ഷേ ഇനി ഇങ്ങനെയുള്ള അനുഭവം ഒരു കുട്ടിക്കും ഉണ്ടാവാന്‍ പാടില്ലെന്നും പിതാവ് പറഞ്ഞു.

ജൂലൈ അഞ്ചാം തീയതി വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ വീണായിരുന്നു ഒന്നര വയസുകാരന്‍ ദേവാന്‍ഷ് ശൗര്യക്ക് പരിക്കേറ്റത്. തുടര്‍ന്ന് കുഞ്ഞിനെ മാതമംഗലത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ഇവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് കുഞ്ഞിനെ പയ്യന്നൂരിലെ ബേബി മമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിന് ശസ്ത്രക്രിയ നടത്തണമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. തുടര്‍ന്ന് അനസ്തേഷ്യ നല്‍കി. ഇതിന് പിന്നാലെ കുഞ്ഞ് ബോധരഹിതനായി. ഇതോടെ കുഞ്ഞിനെ കണ്ണൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ജൂലൈ പത്താംതീയതി കുഞ്ഞ് മരണത്തിന് കീഴടങ്ങി.

കുഞ്ഞിന് അനസ്‌തേഷ്യ നല്‍കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. കുഞ്ഞിന്റെ ചുണ്ടില്‍ ഉണ്ടായിരുന്നത് നേരിയ മുറിവ് മാത്രമായിരുന്നുവെന്നും മൂന്ന് ദിവസംകൊണ്ട് ആ മുറിവ് ഉണങ്ങുമായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ അനസ്‌തേഷ്യ ഡോക്ടര്‍ അഞ്ജലി പൊതുവാളിന് എതിരെ മാത്രമാണ് കേസെടുത്തിരിക്കുന്നത്. ഉത്തരവാദികളായ മുഴുവന്‍ ഡോക്ടര്‍മാര്‍ക്കെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്ത് നല്‍കിയിട്ടുണ്ട്.

Content Highlights- The father of a one and a half year old child alleged that the child collapsed after receiving anesthesia at Payyannur Baby Memorial Hospital

To advertise here,contact us