കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന യുവാവിൻ്റെ പരാതി; രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ അനുയായികള്‍ക്കെതിരെ കേസ്

കോൺഗ്രസ് പ്രവർത്തകർ അടക്കമുള്ളവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്

പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിനിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിൻ്റെ പേരിൽ അനുയായികൾ കൊല്ലുമെന്ന് ഭീഷണി മുഴക്കിയെന്ന യുവാവിൻ്റെ പരാതിയിൽ കേസെടുത്ത് പൊലീസ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നജ്മല്‍ കാവിള, ജെറിന്‍, ബിനില്‍ ബാബു, അബിന്‍ ശിവദാസ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന മറ്റ് ആറ് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പത്തനംതിട്ട പൊലീസിന്റേതാണ് നടപടി.

മാവേലിക്കര അറുനൂറ്റിമംഗലം സ്വദേശിയായ അരുണ്‍ ശിവന്‍കുട്ടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പത്തനംതിട്ട സൈബര്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്തുവെച്ചായിരുന്നു സംഭവം നടന്നത്. രാഹുല്‍ മാങ്കുട്ടത്തിലിനെതിരെ ഇനി ഫേസ്ബുക്കില്‍ പോസ്റ്റിട്ടാല്‍ കൊല്ലും എന്നായിരുന്നു ഭീഷണി. പരാതി നല്‍കി ദിവസങ്ങളായിട്ടും നടപടിയില്ലെന്ന് ആരോപിച്ച് അരുണ്‍ ശിവന്‍കുട്ടി പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധവുമായി എത്തിയിരുന്നു. ഇയാളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു പൊലീസ് കേസെടുത്തത്.

ലൈംഗികാതിക്രമക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലായിരുന്ന സമയത്ത് രാഹുലിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട് സൈബര്‍ പൊലീസ് കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പത്തനംതിട്ട സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ എത്തിയപ്പോള്‍ രാഹുലിന്റെ അനുയായികള്‍ ഭീഷണിപ്പെടുത്തിയെന്നാണ് യുവാവ് പറഞ്ഞത്. മര്‍ദ്ദിക്കാന്‍ ശ്രമം നടന്നതായും യുവാവ് പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പത്തനംതിട്ട പൊലീസില്‍ യുവാവ് പരാതി നല്‍കി. ഭീഷണിപ്പെടുത്തുന്ന സമയത്ത് അക്രമികളിലൊരാള്‍ രാഹുലിനെ വീഡിയോ കോള്‍ ചെയ്ത് ദൃശ്യങ്ങള്‍ ലൈവായി കാണിച്ചുകൊടുത്തിരുന്നുവെന്നും യുവാവ് പരാതിയില്‍ പറഞ്ഞിരുന്നു. പൊലീസ് തന്റെ പരാതി വേണ്ട രീതിയില്‍ അന്വേഷിച്ചില്ലെന്ന് ആരോപിച്ചായിരുന്നു അരുണ്‍ കരിങ്കൊടിയും പ്ലക്കാര്‍ഡുമായി പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധവുമായി എത്തിയത്.

Content Highlights- A case has been registered against supporters of Rahul Mankoottathil after a youth filed a complaint alleging that he was threatened with death

To advertise here,contact us