തിരുവനന്തപുരം: കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷന് കൗണ്‍സിലര്‍ ആര് സുഗതനെ പിന്തുണച്ച് ബിജെപി നേതാവ് കരമന ജയന്. സുഗതനെ കൊടുംഭീകരനായി ചിത്രീകരിക്കാനുള്ള ശ്രമമാണ് എല്‍ഡിഎഫും യുഡിഎഫും നടത്തുന്നതെന്ന് കരമന ജയന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
യുഡിഎഫ് കൗണ്‍സിലര്‍ കെ എസ് ശബരീനാഥനെതിരെ രൂക്ഷ വിമര്‍ശനവും കരമന ജയൻ ഉന്നയിച്ചു. ശബരീനാഥന് എന്തിനാണ് ഇങ്ങനെ കിടന്ന് തുടിക്കുന്നതെന്നാണ് കരമന ജയന് ചോദിച്ചത്. ഇനി തിരുവനന്തപുരം നഗരസഭയിലെ ജനങ്ങള്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരുമെന്നാണ് ശബരീനാഥന് പറഞ്ഞത്. അതുകൊണ്ട് ബിജെപിയുടെ വകയായി ഒരു കെട്ട് മുണ്ട് ശബരീനാഥന് വാങ്ങി നല്‍കാം. ഓരോ ദിവസവും തലയില്‍ മുണ്ടിട്ട് നടന്നാൽ മതിയെന്നും കരമന ജയന് പരിഹസിച്ചു.
നിയമപരമായി നീങ്ങി സുഗതനെ തിരിച്ചുകൊണ്ട് വരും. അതുകൊണ്ട് വി ശിവന്‍കുട്ടിയും ശബരീനാഥനും അധികം തുടിക്കേണ്ട. 45 വര്‍ഷക്കാലം ഭരിച്ച് മുടിച്ച നഗരസഭ രക്ഷപ്പെടുന്നതിലുള്ള അസൂയയും നിരാശയുമാണിത്. കോടതി വിധി അംഗീകരിക്കുകയും ബഹുമാനിക്കുകയും വേണം. പ്രതിപക്ഷം ചെയ്യേണ്ടതും അതാണ്. സിപിഐഎമ്മിന്റെ കളിപ്പാവയാണ് ശബരീനാഥനെന്നും കരമന ജയന് കുറ്റപ്പെടുത്തി. അതേസമയം ബിജെപി ഫണ്ട് തട്ടിപ്പിലും കരമന ജയന് പ്രതികരിച്ചു. ഫണ്ട് തട്ടിപ്പ് നടന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മറ്റ് കാര്യങ്ങള്‍ സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ വിയ്യൂര്‍ ജയിലില്‍ സുഗതന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നു. ജയിലിലെ ലൈബ്രറി ഹാളിലൊരുക്കിയ വേദിയിലാണ് ചടങ്ങ് നടന്നത്. മേയര്‍ വി വി രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജനപ്രതിനിധി ജയിലില്‍ സത്യപ്രതിജ്ഞ ചെയ്തത്. തിരുവനന്തപുരം നഗരസഭയിലെ വാഴോട്ടുകോണം വാര്‍ഡിലെ കൗണ്‍സിലറാണ് സുഗതന്.
ദൈവങ്ങളുടെ പേരെടുത്ത് പറഞ്ഞും ബലിദാനികളുടെ പേരിലും സത്യപ്രതിജ്ഞ ചെയ്തതിന് സുഗതന് ഉള്‍പ്പെടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ 20 ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയിരുന്നു. പിന്നീട് മറ്റ് കൗണ്‍സിലര്‍മാര്‍ കോര്‍പ്പറേഷനില്‍ വെച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്തെങ്കിലും കാപ്പ ചുമത്തപ്പെട്ട് ജയിലിലായതിനാല്‍ സുഗതന് കൗണ്‍സിലര്‍മാര്‍ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യാനായിരുന്നില്ല. പിന്നാലെ സുഗതന് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയേയും തുടര്‍ന്ന് ഹൈക്കോടതിയേയും സമീപിക്കുകയായിരുന്നു. ഹൈക്കോടതിയില്‍ നിന്ന് സുഗതന് അനുകൂലമായ ഉത്തരവ് വന്നതോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.
Content Highlights: Karamana Jayan alleged that both the LDF and UDF are trying to portray Sugathan as an extremist. The statement was made during a political response and highlights an allegation involving Kerala's two major political fronts