തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് തര്‍ക്കത്തില്‍ സിപിഐക്ക് വഴങ്ങേണ്ടതില്ലെന്ന തീരുമാനവുമായി സിപിഐഎം. എന്നാല്‍ പദവി കിട്ടിയേ തീരൂവെന്ന നിലപാടില്‍ നിന്ന് പിന്നോട്ട് പോകേണ്ടതില്ലെന്നാണ് സിപിഐയുടെ തീരുമാനം. ഇരു വിഭാഗവും കടുംപിടുത്തം തുടര്‍ന്നാല്‍ പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ ഇന്നും തീരുമാനമുണ്ടാകാനിടയില്ലെന്നാണ് വിവരം. ടി പി രാമകൃഷ്ണന് സിപിഐ നേതാക്കളെ ഉച്ചക്ക് മുമ്പ് കാണും എന്നാണ് അറിയിച്ചിരിക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ കുറച്ചു സമയം കയറിയതിന് ശേഷമാകും എല്‍ഡിഎഫ് കണ്‍വീനര്‍ എം എന്‍ സ്മാരകത്തില്‍ എത്തുക.
ഉപനേതാവ് പദവി നല്‍കാനാവില്ലെന്ന സിപിഐഎം നിലപാട് സിപിഐ നേതൃത്വത്തെ ടി പി രാമകൃഷ്ണന് അറിയിക്കുകയും ചെയ്യും. കടുംപിടുത്തം ഉപേക്ഷിക്കണമെന്ന ആവശ്യം ടി പി രാമകൃഷ്ണന് കൂടിക്കാഴ്ചയില്‍ മുന്നോട്ട് വെക്കുമെന്നാണ് വിവരം. എന്നാല്‍ പ്രതിപക്ഷ ഉപനേതാവ് പദവി കിട്ടിയേ തീരൂ എന്ന മുന്‍ നിലപാട് സിപിഐ ആവര്‍ത്തിക്കും. സിപിഐഎം സെക്രട്ടറിയേറ്റും സിപിഐ എക്സിക്യൂട്ടീവും ഉഭയകക്ഷി ചര്‍ച്ചക്ക് ശേഷമുള്ള നീക്കങ്ങള്‍ ഇന്ന് തന്നെ ചര്‍ച്ച ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്. ഉപനേതാവ് പദവി ഒരുതരത്തിലും വിട്ടുകൊടുക്കാന്‍ തയ്യാറാകില്ലെങ്കിലും ഇക്കാര്യം സിപിഐയെ ബോധ്യപ്പെടുത്തി അനുനയിപ്പിക്കാനാണ് സിപിഐഎം ലക്ഷ്യമിടുന്നത്.
അതേസമയം ഇന്ന് നടക്കാനിരിക്കുന്നത് സിപിഐഎം സിപിഐ ഉഭയകക്ഷി ചര്ച്ചയല്ലന്നാണ് ടി പി രാമകൃഷ്ണന് പറഞ്ഞത്. എല്‍ഡിഎഫ് കണ്‍വീനര്‍ എന്ന നിലയിലാണ് ബിനോയ് വിശ്വത്തെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് കക്ഷി നേതാക്കളെയും കാണുന്നുണ്ട്. പ്രതിപക്ഷ ഉപനോതാവ് വിവാദത്തില്‍ ടി പി രാമകൃഷ്ണന് അതൃപ്തി പരസ്യമാക്കി. പുറത്ത് സംവാദം ഉണ്ടാക്കേണ്ട കാര്യമല്ല ഉപനേതാവ് പദവി എന്നായിരുന്നു പ്രതികരണം. പരസ്പര കൂടിയാലോചനയിലൂടെ ധാരണയില്‍ എത്തണമെന്നും അതിനുള്ള ശ്രമമാണ് നടത്തുന്നതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.
പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ തര്‍ക്കമില്ലെന്നും ആ സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരുന്നു. കീഴ്വഴക്കം പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ആര്‍ക്കും കഴിയില്ലെന്നും എല്ലാ കീഴ്വഴക്കങ്ങളും മാറ്റേണ്ടി വന്നാല്‍ മാറ്റിയേ തീരൂവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. കീഴ്വഴക്കമല്ല, രാഷ്ട്രീയവും എല്‍ഡിഎഫും ഒന്നിച്ചു പോക്കുമാണ് വലുതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരത്തെ യോഗത്തില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു ബിനോയ് വിശ്വത്തിന്റെ പരസ്യ പ്രതികരണം. ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെങ്കില്‍ സ്ഥാനങ്ങള്‍ പങ്കുവെക്കേണ്ടത് അനിവാര്യമാണെന്ന ഓര്‍മപ്പെടുത്തലും ബിനോയ് വിശ്വം നടത്തിയിരുന്നു.
Content Highlights: The deadlock between the CPIM and CPI over the Opposition Deputy Leader post continues, with both parties maintaining their respective positions. A meeting between T P Ramakrishnan and CPI leaders is expected before noon. If the impasse persists, a final decision on the post may be delayed further.