തിരുവനന്തപുരം: അമേരിക്കൻ കമ്പനിയായ കോറൽ ഹെൽത്തിൽ നിന്നും മുൻകൂട്ടി അറിയിക്കാതെ ജീവനക്കാരെ പിരിച്ചുവിട്ട സംഭവത്തിൽ ഇടപെടലുമായി സർക്കാർ. കമ്പനിയിൽ നിന്നും പുറത്താക്കപ്പെട്ടവരെ ജി ടെക് കമ്പനി സംരക്ഷിക്കുമെന്നും കഴിയുന്നത്ര പേരെ ജോലിക്കെടുക്കുമെന്നും വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും ജി ടെക് അധികൃതരും അറിയിച്ചു. എഐ വരുമ്പോൾ ഇത്തരം പ്രതിസന്ധികൾ ഉണ്ടാകുമെന്നത് സത്യാവസ്ഥയാണ്. ഇത്തരം സാഹചര്യങ്ങളിൽ മറുവശത്ത് അവസരങ്ങൾ തുറക്കപ്പെടണം. അതിനായുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സാങ്കേതികവിദ്യ മാറുന്നതിനനുസരിച്ച് ആ മാറ്റങ്ങളെ ഉൾക്കൊള്ളണമെന്നും എഐ അടക്കമുള്ള പുതിയ സാങ്കേതിക വിദ്യകളിൽ സർക്കാർ ഇടപെട്ട് പരിശീലനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരസ്പരം പ്രൊഫൈലുകൾ പങ്കുവയ്ക്കാനാണ് ശ്രമം. കേരളത്തിലെ മറ്റ് കമ്പനികളും ഇക്കാര്യത്തിൽ സഹകരിച്ച് പ്രശ്നം പരിഹരിക്കണം എന്ന സന്ദേശം കൂടിയാണിത്. കോറോ ഹെൽത്ത് കമ്പനിയോട് പുറത്താക്കപ്പെട്ട ജീവനക്കാരുടെ വ്യക്തി വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പ്രൊഫൈലുകൾ മറ്റ് കമ്പനികളിലേക്ക് പരസ്പരം ഷെയർ ചെയ്യും. ഇതിലൂടെ പരമാവധി പേർക്ക് കമ്പനിയിൽ നിയമനം നൽകാമെന്നാണ് കരുതുന്നത്. എല്ലാവരെയും ഉൾപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിലും ഒരുപരിധിവരെ ആളുകളെ ഉൾപ്പെടുത്താൻ കഴിയുമെന്ന് ജിടെക് അധികൃതരും വിശദീകരിച്ചു.
അതേസമയം പൊതുമേഖലാ സ്ഥാപനമായ കെൽപാമിലെ ശമ്പള പ്രതിസന്ധിയെക്കുറിച്ചും വ്യവസായ മന്ത്രി പ്രതികരിച്ചു. കെൽപാമിൽ മാത്രമല്ല പല പൊതുമേഖല സ്ഥാപനങ്ങളിലും പ്രതിസന്ധിയുണ്ട്. അതിനുവേണ്ടി മാത്രം ധവളപത്രം ഇറക്കേണ്ടി വരുമോ എന്ന ആശങ്കയുണ്ടെന്ന് പരിഹാസ രൂപേണ മന്ത്രി പ്രതികരിച്ചു. അതിനിടയിൽ പ്രതിപക്ഷം പുറത്തിറക്കിയ ധവളപത്രം ആരോപണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ ധവളപത്രം വസ്തുതകളെ അടിസ്ഥാനമാക്കിയാണെന്നും ഒരു ലക്ഷം കോടിയുടെ അന്തരം ഉണ്ടാകാൻ സാധ്യതയില്ലെന്നും മന്ത്രി പറഞ്ഞു.
കരിമ്പന ഉത്പന്നങ്ങളുടെ വിപണനവും തൊഴിലാളികളുടെ ക്ഷേമവും ലക്ഷ്യമിട്ട് ആരംഭിച്ച കെൽപാം കോർപ്പറേഷൻ അടച്ചുപൂട്ടലിന്റെ വക്കിലെന്നാണ് റിപ്പോർട്ടുകൾ. 2023-24 സാമ്പത്തിക വർഷത്തിൽ ലക്ഷക്കണക്കിന് രൂപയുടെ വിറ്റുവരവ് ഉണ്ടായിട്ടും സ്ഥാപനത്തിൽ തൊഴിലാളികൾക്ക് ശമ്പളം പോലും നൽകാനാകാത്ത അവസ്ഥയാണ്.
Content Highlights: The Kerala government has intervened in the Coro Health issue, with GTech agreeing to provide employment opportunities to as many affected employees as possible. The initiative aims to support workers who lost their jobs following developments involving the company.