13കാരിയുടെ വ്യാജ പരാതി: കസ്റ്റഡിയില്‍ മര്‍ദ്ദിച്ചെന്ന യുവാവിന്റെ പരാതിയില്‍ എസ്‌ഐക്കെതിരെ നടപടി; സ്ഥലം മാറ്റി

കൂടല്‍ സ്റ്റേഷന്റെ ചുമതലയുള്ള കോന്നി സിഐക്കെതിരെയും ഉടൻ നടപടി ഉണ്ടായേക്കും

പത്തനംതിട്ട: പതിമൂന്നുകാരിയുടെ വ്യാജ പീഡന പരാതിയില്‍ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചെന്ന യുവാവിന്റെ പരാതിയില്‍ എസ്‌ഐക്കെതിരെ നടപടി. കൂടല്‍ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ജയ്‌മോനെയാണ് സ്ഥലം മാറ്റിയത്. പത്തനംതിട്ട എ ആര്‍ ക്യാമ്പിലേക്കാണ് ജയ്‌മോനെ സ്ഥലംമാറ്റിയത്. കൂടല്‍ സ്റ്റേഷന്റെ ചുമതലയുള്ള കോന്നി സിഐക്കെതിരെയും ഉടൻ നടപടി ഉണ്ടായേക്കും

വ്യാജ പരാതിയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചെന്ന പരാതിയിലാണ് നടപടി. പത്തനാപുരത്ത് വാടകയ്ക്ക് താമസിക്കുന്ന പത്തനംതിട്ട പാടം സ്വദേശിയായ യുവാവ് എസ്‌ഐക്കെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്‍കിയിരുന്നു. ജൂലൈ മൂന്നാം തീയതി രാത്രി എട്ട് മണിയോടെ സിവില്‍ വേഷത്തിലെത്തിയ കൂടല്‍ എസ്‌ഐയും സംഘവും വാടകവീട്ടില്‍ അതിക്രമിച്ചു കയറി ബലപ്രയോഗത്തിലൂടെ തങ്ങളെ കാറില്‍ കയറ്റി കൊണ്ടുപോയെന്നായിരുന്നു യുവാവിന്റെ ആരോപണം. സിവില്‍ വേഷത്തില്‍ പൊലീസ് തന്റെ വീട്ടിലെത്തുകയും ബലപ്രയോഗത്തിലൂടെ വാഗണര്‍ കാറില്‍ കയറ്റുകയും ചെയ്തതായി യുവാവ് പറഞ്ഞിരുന്നു.

പൊലീസ് തിരിച്ചും മറിച്ചും തന്നെ ചോദ്യം ചെയ്തുവെന്നും യുവാവ് പറഞ്ഞു. പരാതിക്കാരെ തനിക്ക് അറിയില്ല എന്ന് പൊലീസിനോട് പറഞ്ഞുവെന്നും ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ ആളാണെന്ന് പൊലീസിനോട് പറഞ്ഞിട്ടും തന്റെ വാക്കുകള്‍ വിലയ്‌ക്കെടുത്തില്ലെന്നും യുവാവ് പരാതിയില്‍ ചൂണ്ടിക്കാട്ടി. എസ്‌ഐയും സംഘവും തന്നെ ക്രൂരമായി മര്‍ദിച്ചു. ലാത്തി ഉപയോഗിച്ച് തന്റെ കാല്‍വെള്ളയില്‍ ക്രൂരമായി അടിച്ചു. ബൂട്ടിട്ട കാലുകള്‍ കൊണ്ട് തന്റെ കാല്‍ ചവിട്ടി ചതച്ചു. ചെവിയില്‍ പിടിച്ച് ശക്തമായി മുകളിലേക്ക് വലിച്ചുപൊക്കി. ചെവിക്ക് ഗുരുതരമായ ക്ഷതമേറ്റു. ജൂലൈ നാലിന് വൈകിട്ട് ആറുമണിയോടെ നിയമവിരുദ്ധ കസ്റ്റഡിയില്‍ നിന്ന് തന്നെ വിട്ടയച്ചു. തന്നെ മര്‍ദിച്ച പൊലീസിനെതിരെയും വ്യാജ പരാതി നല്‍കിയവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്നും യുവാവ് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

സഹപാഠികള്‍ പീഡിപ്പിച്ചതായി ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരോടായിരുന്നു പെണ്‍കുട്ടി വെളിപ്പെടുത്തിയത്. വൈദ്യ പരിശോധനാ ഫലം ലഭിച്ചശേഷം പൊലീസ് നടത്തിയ ചോദ്യംചെയ്യലില്‍ സഹപാഠികള്‍ പീഡിപ്പിച്ചിട്ടില്ലെന്ന് പെണ്‍കുട്ടി മൊഴി മാറ്റി. കുട്ടികള്‍ തമ്മിലുണ്ടായ തര്‍ക്കമാണോ ഇത്തരം ഒരു പരാതിക്ക് കാരണമായതെന്ന് പൊലീസ് അന്വേഷിക്കുകയാണ്.

Content Highlights- A sub inspector has been transferred after a youth complained that he was assaulted in custody during a case related to an alleged false complaint by a 13 year old girl

To advertise here,contact us