'നടന്നത് ഹീനമായ കുറ്റകൃത്യം; പ്രതികളുടെ ശിക്ഷ മരവിപ്പിച്ചാൽ ഭീഷണിയുണ്ടാകും'; എതിർപ്പറിയിച്ച് അതിജീവിത

ലൈംഗികാതിക്രമം മാത്രമല്ല, കുറ്റകൃത്യത്തിന്റെ വീഡിയോ ചിത്രീകരിച്ച അതിക്രൂരമായ കുറ്റകൃത്യമെന്നും അതിജീവിത ഹൈക്കോടതിയെ അറിയിച്ചു

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്നത് ഹീനമായ കുറ്റകൃത്യമെന്ന് അതിജീവിത ഹൈക്കോടതിയില്‍. ലൈംഗികാതിക്രമം മാത്രമല്ല, കുറ്റകൃത്യത്തിന്റെ വീഡിയോ ചിത്രീകരിച്ച അതിക്രൂരമായ കുറ്റകൃത്യമെന്നും അതിജീവിത ഹൈക്കോടതിയെ അറിയിച്ചു. പ്രതികളുടെ ശിക്ഷ മരവിപ്പിച്ചാല്‍ ഭീഷണിയുണ്ടാകും. ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ആറ് പ്രതികളുടെ ആവശ്യത്തിലാണ് അതിജീവിത ഹൈക്കോടതിയില്‍ എതിര്‍പ്പറിയിച്ചത്.

സ്ഥിരം കുറ്റവാളിയും കൊടും ക്രിമിനലുമാണ് പള്‍സര്‍ സുനിയെന്ന് ശിക്ഷ മരവിപ്പിക്കുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷനും ഹൈക്കോടതിയെ അറിയിച്ചു. മെമ്മറി കാര്‍ഡിന്റെ പകര്‍പ്പുകള്‍ നിലനില്‍ക്കുന്ന സാഹചര്യമുണ്ട്. വീഡിയോ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. എട്ടുവര്‍ഷം തടവ് അനുഭവിച്ചുവെന്നും ശിക്ഷ മരവിപ്പിക്കണമെന്നുമാണ് ഒന്നാംപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ ഉയര്‍ത്തിയ വാദം. വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഹൈക്കോടതി പ്രതികളുടെ ആവശ്യം ഇടക്കാല ഉത്തരവിനായി മാറ്റി.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസില്‍ നേരത്തേ ശിക്ഷാവിധി പുറപ്പെടുവിച്ചിരുന്നു. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവും പിഴയുമായിരുന്നു കോടതി വിധിച്ചത്. പള്‍സര്‍ സുനിക്ക് 20 വര്‍ഷം കഠിന തടവിന് പുറമേ 3,25,000 രൂപയായിരുന്നു പിഴ. രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് 1,50,000 രൂപയും മൂന്നാം പ്രതി മണികണ്ഠന് 1,25,000 രൂപയുമായിരുന്നു പിഴ. നാലാം പ്രതി വിജീഷിന് 1,25,000 രൂപയായിരുന്നു പിഴ. അഞ്ചാം പ്രതി വടിവാള്‍ സലീമിന് 1,25,000 രൂപയും ആറാം പ്രതി പ്രദീപിന് 1,25,000 രൂപയുമായിരുന്നു പിഴയായി വിധിച്ചത്. ഈ വിധിക്കെതിരെയാണ് പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ പോയത്. ശിക്ഷാവിധി മരവിപ്പിച്ച് അപ്പീലില്‍ വാദം കേള്‍ക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം.

Content Highlights- The survivor in the actress assault case has opposed the suspension of the accused persons' sentence

To advertise here,contact us