മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

നേരത്തേ ആറ് ജില്ലകളിലായിരുന്നു ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. മൂന്ന് ജില്ലകളില്‍ കൂടി ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇതോടെ ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ടായി. പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പിൽ മാറ്റം വന്നിരിക്കുന്നത്. ഈ മൂന്ന് ജില്ലകൾക്ക് പുറമേ വയനാട്, കോഴിക്കോട്, മലപ്പുറം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. നേരത്തേ ആറ് ജില്ലകളിലായിരുന്നു ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

അതേസമയം കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരങ്ങളില്‍ ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിനു വിലക്കുണ്ട്.

വയനാട് രാവിലെ മുതല്‍ ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ട്. വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്നും നാളെയും ശക്തമായ മഴ ലഭിക്കുമെന്നുമാണ് കാലാവസ്ഥ നീരീക്ഷണ വകുപ്പ് അറിയിക്കുന്നത്. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഇടങ്ങളില്‍ 204 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. അതിനാല്‍ അതീവജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. പടിഞ്ഞാറന്‍ കാറ്റ് ശക്തമായിട്ടുണ്ട്. ന്യൂനമര്‍ദ പാത്തിയും നിലനില്‍ക്കുന്നുണ്ട്. ഇതാണ് മഴ കനക്കാന്‍ കാരണം.

അതേസമയം വയനാട് കള്ളാടിയില്‍ ഉണ്ടായിരിക്കുന്നത് സ്വാഭാവികമായ മണ്ണിടിച്ചില്‍ അല്ലെന്ന് ഐഎംഡി ഡയറക്ടര്‍ നിതാ കെ ഗോപാല്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. ജില്ലയില്‍ മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ല. യെല്ലോ അലേര്‍ട്ടിന് സമാനമായ സാഹചര്യമായിരുന്നു വയനാട്ടിലെന്നും കൂടുതല്‍ മഴ ലഭിച്ചത് ജില്ലയിലായിരുന്നെന്നും രജനി പറഞ്ഞു. മലയോരമേഖലകളില്‍ ജാഗ്രത വേണമെന്നും വരും ദിവസങ്ങളില്‍ മഴ ശക്തിപ്രാപിക്കുമെന്നും ഐഎംഡി ഡയറക്ടര്‍ വ്യക്തമാക്കി.

Content Highlights: Kerala's rain warning has been revised, with an orange alert issued for nine districts. The updated forecast indicates the possibility of heavy rainfall, and authorities have advised the public to remain alert and follow weather advisories.

To advertise here,contact us