തിരുവനന്തപുരം: കേന്ദ്രം നടപ്പിലാക്കിയ പുതിയ ലേബര്‍ കോഡുകള്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതാണെന്ന് മുന്‍ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. എറണാകുളത്തെ കോറോ ഹെല്‍ത്തെന്ന ഐടി കമ്പനിയിലെ തൊഴിലാളികളുടെ കൂട്ടപ്പിരിച്ചു വിടലിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. 750 തൊഴിലാളികളെയാണ് കമ്പനി യാതൊരു കാരണവും കാണിക്കാതെ പിരിച്ചു വിട്ടത്. ലേബര്‍ കോഡിലൂടെ തൊഴില്‍ സുരക്ഷയെ കേന്ദ്രം അട്ടിമറിച്ചെന്നും ശിവന്‍കുട്ടി ആരോപിച്ചു. ഇതിലൂടെ തൊഴില്‍ മേഖലയില്‍ സര്‍ക്കാരിന്റെ നിയന്ത്രണം നഷ്ടമായി. തൊഴിലാളികളെ ഏത് സമയവും പിരിച്ചു വിടാന്‍ കഴിയുന്ന സ്ഥിതിയായി. കടുത്ത തൊഴില്‍ ചൂഷണത്തിനെതിരെ പ്രതികരിച്ചതാണ് തൊഴിലാളികളെ പിരിച്ചുവിടാന്‍ കാരണമെന്നും ആരോണമുണ്ട്. ഐടി കമ്പനികളിലെ തൊഴിലാളി ചൂഷണത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി സിഐടിയു മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ നിയമ പോരാട്ടം നടത്തുമെന്നും ശിവന്‍കുട്ടി പറഞ്ഞു.
അതിഥി തൊഴിലാളികള്‍ കേരളത്തില്‍ പണം ചിലവഴിക്കാതെ ഭൂരിഭാഗവും നാട്ടിലേക്കയക്കുകയാണെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയിലും ശിവന്‍കുട്ടി പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവന അതിഥി തൊഴിലാളികളെ അപമാനിക്കുന്നതാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. അവര്‍ ചെയ്യുന്ന കഠിനാധ്വാനത്തിനുള്ള നിയമപരമായ പ്രതിഫലം മാത്രമാണ് അവര്‍ക്ക് ലഭിക്കുന്നത്. വിവിധ മേഖലകള്‍ അതിഥി തൊഴിലാളികളുടെ അധ്വാനത്തെ ആശ്രയിച്ചാണ് നില്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതിഥി തൊഴിലാളികളെ ചേര്‍ത്തുനിര്‍ത്തുന്ന ക്ഷേമ പരിപാടികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉറപ്പാക്കിയിരുന്നു. ലക്ഷക്കണക്കിന് മലയാളികള്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍ ചോര നീരാക്കി പണിയെടുക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ നിലപാട് ഇരട്ടത്താപ്പാണെന്നും അദ്ദേഹം വിമര്‍ശിച്ചു. വി ഡി സതീശന്റെ നിലപാട് കേരളത്തിന്റെ തൊഴില്‍ സംസ്കാരത്തിന് ചേര്‍ന്നതല്ലെന്ന് പറഞ്ഞ അദ്ദേഹം തൊഴിലാളികളെ വംശീയമായി വേര്‍തിരിക്കുന്ന പ്രസ്താവന മുഖ്യമന്ത്രി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.
തിരുവനന്തപുരം നഗരസഭയില്‍ ഭരണപ്രതിസന്ധിയാണെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരം നഗരം ചീഞ്ഞുനാറുകയാണ്. മഴക്കാലപൂര്‍വ്വ ശുചീകരണം പോലും നടന്നില്ല. നഗരസഭയിലെ പ്രധാനപ്പെട്ട രേഖകള്‍ കടത്തുകയാണെന്ന ആരോപണവുമുണ്ടായി. ഇത് ചോാദ്യം ചെയ്യുമ്പോള്‍ മേയര്‍ ആലങ്കാരിക തമാശ പറഞ്ഞ് ചിരിക്കുകയാണെന്നും ശിവൻകുട്ടി പരിഹസിച്ചു. തെരുവുനായ്ക്കള്‍ കാരണം പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ് നഗരത്തിലുള്ളത്. കോര്പ്പറേഷന് സ്റ്റിയറിംഗ് കമ്മിറ്റി ചേരുന്നില്ല. അടുത്ത യോഗത്തില്‍ കൂടി സുഗതന് പങ്കെടുത്തില്ലെങ്കില്‍ അയോഗ്യന്‍ ആകും. താന്‍ മേയര്‍ ആയപ്പോള്‍ അങ്ങനെ രണ്ട് പേരെ അയോഗ്യരാക്കിയിട്ടുണ്ടെന്നും അദ്ദഹം ചൂണ്ടിക്കാട്ടി. അടി കിട്ടിയപ്പോഴാണ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്ക് കാര്യം മനസ്സിലായതെന്നും ശിവന്‍കുട്ടി പരിഹസിച്ചു. ശബരിക്കൊക്കെ നല്ല അടി കിട്ടി. അടി കിട്ടിയപ്പോള്‍ ആദ്യം ചെന്നത് താനാണ്. അടിയന്തരമായി സര്‍ക്കാര്‍ ഇതില്‍ ഇടപെടണം. ബിജെപിയെ ഭരണത്തില്‍ നിന്ന് താഴെ ഇറക്കുക ലക്ഷ്യം തന്നെയാണ്. പക്ഷേ അതിന് കുറുക്ക് വഴി കണ്ടെത്തുക തങ്ങളുടെ നയമല്ലെന്നും അദ്ദാഹം വ്യക്തമാക്കി.
മന്ത്രിയുടെ ഓഫീസുകളില്‍ സ്റ്റാഫുകള്‍ ആയിട്ടില്ലെന്ന പരാതിയും അദ്ദേഹം ഉന്നയിച്ചു. നിയമിച്ചവര്‍ രാജിവെച്ചു പുറത്തുപോകുന്നു. എന്താണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി എല്ലാ ഗ്രൂപ്പിനെയും വെല്ലുവിളിച്ച് മുന്നോട്ട് പോകുകയാണെന്ന ആരോപണവുമുണ്ടായി.എല്‍ഡിഎഫ് യോഗം ഉടന്‍ ചേരും. കണ്‍വീനര്‍ തീയതി പറയും. പ്രശ്നം സംസാരിച്ച് തീര്‍ക്കുമെന്നുമായിരുന്നു പ്രതിപക്ഷ ഉപനേതാവ് വിവാദത്തിലെ ശിവന്‍കുട്ടിയുടെ മറുപടി.
Content Highlights: Minister V. Sivankutty has alleged that the Centre's Labour Codes have weakened job security while commenting on the reported mass layoffs at Koro Health. He argued that the incident highlights the vulnerability of workers under the new labour regime. The remarks have added a political dimension to the debate over labour reforms and employee rights.