കോഴിക്കോട്: ആരോഗ്യവകുപ്പിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. നിപ ഗൗരവമായി കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും ആ ഗൗരവത്തില്‍ കൈകാര്യം ചെയ്യുന്നില്ലെന്നും പിണറായി വിജയന് പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അത്യന്തം ശോചനീയമായ നിലയിലാണ് കാര്യമെന്നും പിണറായി വിജയന് പറഞ്ഞു.
'ആരോഗ്യമന്ത്രി ഇതുവരെ സ്ഥലത്തെത്തിയില്ല. ആരോഗ്യ മേഖല സജ്ജമാക്കണം. ശക്തമായ ഇടപെടല്‍ വേണം. സര്‍ക്കാര്‍ എടുക്കേണ്ടുന്ന മുന്‍കരുതല്‍ കാണുന്നില്ല. മന്ത്രിമാര്‍ മെഡിക്കല്‍ ബിരുദദാരികള്‍ അല്ല. അത്യന്തം ശോചനീയമാണ് കാര്യങ്ങള്‍. മുമ്പ് എങ്ങനെ കൈകാര്യം ചെയ്തു എന്ന് പരിശോധിക്കണം', പിണറായി വിജയന് പറഞ്ഞു.
ദേവസ്വം ബോര്‍ഡ് പ്രത്യേക പ്ലീനറായി കെ ബി പ്രദീപിനെ നിയമിച്ചതിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. വിചിത്രമായ സംഭവങ്ങളാണ് കാണുന്നതെന്നും ബന്ധപ്പെട്ട മന്ത്രിയാണ് ഉത്തരവാദിത്തം നിറവേറ്റേണ്ടതെന്നും പിണറായി വിജയന് പറഞ്ഞു. ഇവിടെ സംഭവിച്ചത് വിചിത്രമായ മറുപടിയാണെന്നും താന്‍ അറിയില്ല എന്ന നിലയിലാണ് മന്ത്രിയുടെ പ്രതികരണമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സർക്കാരിന്റെ തുടക്കമായതുകൊണ്ട് കർശന വിമർശനത്തിന് മുതിരുന്നില്ലെന്നും മറ്റൊരു വിസ്മയമാണോ എന്ന് നോക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ കെട്ടിപിടിക്കല് പരാമര്‍ശത്തിലും പ്രതിപക്ഷ നേതാവ് മറുപടി നല്കി. കെട്ടിപ്പിടിക്കല്‍ സാധാരണഗതിയില്‍ നമുക്കിടയില്‍ ഉണ്ടാകാറില്ല. അപൂര്‍വമായി ചില ആളുകളെ കെട്ടിപിടിക്കാറുള്ളൂ. താനും രാഹുല്‍ ഗാന്ധിയും കാണുമ്പോള്‍ പരസ്പരം വണങ്ങും അല്ലെങ്കില്‍ കൈപിടിക്കുമെന്നും കെട്ടിപ്പിടിക്കല്‍ സാധാരണ ഉണ്ടാകാറില്ലെന്നും പിണറായി വിജയന് പറഞ്ഞു.
'രാഹുല്‍ ഗാന്ധി മോദിയെ കെട്ടിപ്പിടിക്കുന്ന ഒരു ചിത്രം കണ്ടു. മോദിയെ കെട്ടിപ്പിടിക്കുന്നതില്‍ എനിക്ക് ആക്ഷേപമില്ല. ഈ പറഞ്ഞത് മറ്റൊരു തരത്തിലുള്ള ചിത്രീകരണമാണ്. അത് രാഹുല്‍ ഗാന്ധിയുടെ സംസാര രീതിയാണ് കാണിക്കുന്നത്. രാഹുല്‍ ഗാന്ധി എങ്ങനെ ഇന്‍ഡ്യ വേദിയെ കാണുന്നുവെന്നതാണ്. ഇന്‍ഡ്യ വേദി ഇന്ന് എത്തിച്ചേര്‍ന്ന പ്രത്യേക സ്ഥിതിവിശേഷമുണ്ട്. അതിന്റെ ഭാഗമായിട്ടാണ് പ്രധാന കോണ്‍ഗ്രസ് ഇതര പാര്‍ട്ടികള്‍ കോണ്‍ഗ്രസിന്റെ നിലപാടിനെതിരെ ശബ്ദിച്ചത്. ഇപ്പോള്‍ ഡിഎംകെ എവിടെ നില്‍ക്കുന്നുവെന്ന് കണ്ടുകൊണ്ടിരിക്കുകയാണ്. എല്ലാത്തിനും ഇടയാക്കിയത് കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടെയും സമീപനമാണ്. അത് ഇന്‍ഡ്യ മുന്നണിയെ ശക്തിപ്പെടുത്തുന്നതല്ല. പലപ്പോഴും ബിജെപിയെ സഹായിക്കുന്ന നില വരുന്നു', പിണറായി വിജയന് പറഞ്ഞു.
Content Highlights: Opposition Leader Pinarayi Vijayan has raised concerns over the Health Department’s handling of the Nipah situation, alleging a lack of seriousness in addressing the outbreak