തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനും നേരെ വധഭീഷണി. മുഖ്യമന്ത്രിയെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. അതുവഴി തനിക്ക് പ്രശസ്തനാകാമെന്ന് ഫോണ്‍ വിളിച്ച വ്യക്തി പറഞ്ഞതായാണ് വിവരം.
സംഭവത്തില്‍ ഒരാളെ കൻ്റോൺമെൻ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങല്‍ സ്വദേശിയാണ് പിടിയിലായത്. മാനസിക വെല്ലുവിളി നേരിട്ടയാളാണ് പിടിയിലായത്. തുടര്‍ നടപടികള്‍ എങ്ങനെ സ്വീകരിക്കുമെന്നത് വിശദമായി നോക്കുമെന്ന് പൊലീസ് അറിയിച്ചു. മുമ്പും സമാന രീതിയില്‍ ഇയാള്‍ കോള്‍ ചെയ്തിട്ടുണ്ടെന്നാണ് കന്റോണ്‍മെന്റ് പൊലീസ് പറയുന്നത്.
മൂന്ന് തവണയാണ് ഇയാള്‍ സിറ്റി കമാന്‍ഡിങ് ഓഫീസിലേക്ക് വിളിച്ചത്. ആദ്യ തവണ വിളിച്ച് മുഖ്യമന്ത്രിയെയും കുടുംബത്തെയും കൊല്ലുമെന്ന് പറഞ്ഞു. രണ്ടാമത് വിളിച്ച് അസഭ്യം പറയുകയും മൂന്നാമത് വിളിച്ച് മുഖ്യമന്ത്രിക്ക് ഇത്രയും സുരക്ഷ മതിയോ എന്ന് ചോദിക്കുകയും ചെയ്തതായാണ് വിവരം. ഭീഷണിപ്പെടുത്തല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഫോണ്‍ വിളിച്ചയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Content Highlights: Chief Minister V D Satheesan and his family have reportedly received a death threat