'അയോഗ്യത വെല്ലുവിളി': സുഗതന്റെ അറസ്റ്റില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രതിസന്ധിയിലായി ബിജെപി

നിലവില്‍ സ്വതന്ത്രന്റെ പിന്തുണയോടെ ഭരിക്കുന്ന ബിജെപിക്ക് സുഗതന്‍ അയോഗ്യനായാല്‍ ഭരണപ്രതിസന്ധിയുണ്ടാകാനും സാധ്യതയുണ്ട്

തിരുവനന്തപുരം: കാപ്പാ കേസില്‍ കൗണ്‍സിലര്‍ സുഗതന്‍ അറസ്റ്റിലായതോടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രതിസന്ധിയിലായി ബിജെപി. നിലവില്‍ സ്വതന്ത്രന്റെ പിന്തുണയോടെ ഭരിക്കുന്ന ബിജെപിക്ക് സുഗതന്‍ അയോഗ്യനായാല്‍ ഭരണപ്രതിസന്ധിയുണ്ടാകാനും സാധ്യതയുണ്ട്.

തുടര്‍ച്ചയായി 3 മാസം 3 കൗണ്‍സില്‍ യോഗങ്ങളില്‍ നിന്ന് വിട്ടുനിന്നാല്‍ കൗണ്‍സിലര്‍ അയോഗ്യനാകും. കഴിഞ്ഞ രണ്ട് യോഗങ്ങളിലും സുഗതന്‍ പങ്കെടുത്തിരുന്നില്ല. മൂന്ന് യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ നാലാം യോഗത്തില്‍ അയോഗ്യനാക്കാമെന്നാണ് മുനിസിപ്പല്‍ ആക്ട്. യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപേക്ഷ നല്‍കാമെങ്കിലും ഇതുവരെ സുഗതന്‍ അവധി അപേക്ഷയും നല്‍കിയിട്ടില്ല. സ്വതന്ത്രന്റെ പിന്തുണയോടെയാണ് തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി ഭരണം നേടിയത്.

വധശ്രമക്കേസില്‍ ഒളിവിലായിരുന്ന സുഗതനെ നാടകീയ രംഗങ്ങള്‍ക്കൊടുവിലായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. സുഗതന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയായിരുന്നു അറസ്റ്റ്. കാപ്പ ചുമത്തിയിട്ടുള്ള ഇയാളെ അറസ്റ്റ് ചെയ്യാന്‍ കളക്ടര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. പിടികൂടാനെത്തിയ പൊലീസിനെ സുഗതന്റെ അനുയായികള്‍ വളയുകയായിരുന്നു. പിന്നാലെ എസ്എച്ച്ഒ ആകാശത്തേക്ക് വെടിയുതിര്‍ത്തു. സുഗതന്റെ അനുയായികളുടെ ആക്രമണത്തില്‍ പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ താന്‍ ഒളിവിലായിരുന്നില്ല എന്നും ചിക്കന്‍ പോക്‌സ് ആയതിനാല്‍ വിശ്രമത്തിലായിരുന്നു എന്നുമാണ് സുഗതന്റെ വാദം. സുഗതനെതിരെ പൊലീസിനെ ആക്രമിച്ചതിനും പൊലീസ് കേസെടുത്തിട്ടുണ്ട്.

Content Highlights: The arrest of Sugathan has created a political crisis for the BJP in the Thiruvananthapuram Corporation

To advertise here,contact us