തിരുവനന്തപുരം: സിപിഐഎം സെക്രട്ടേറിയറ്റ് റിപ്പോര്‍ട്ടില്‍ മൂന്ന് പ്രധാന തിരുത്തലുകള്‍. സംസ്ഥാന സമിതിയുടെ ആവശ്യമനുസരിച്ച് മൂന്നിടങ്ങളിലാണ് തിരുത്ത്. പി കെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വീഴ്ച ഏറ്റു പറഞ്ഞുകൊണ്ടാണ് ഒന്നാമത്തെ തിരുത്തല്‍. വെള്ളാപ്പള്ളിക്കെതിരെ പ്രസ്താവന നടത്തേണ്ടതായിരുന്നുവെന്ന് സമ്മതിച്ചു.
സ്വര്‍ണക്കൊള്ളക്കേസില്‍ എ പദ്മകുമാറിനെതിരെ നടപടി എടുക്കാനും തീരുമാനിച്ചിട്ടുണ്ട്. നടപടി ചര്‍ച്ച ചെയ്യാന്‍ ജില്ലാകമ്മിറ്റിയെ ചുമതലപ്പെടുത്തി. തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് സംസ്ഥാന സമിതിയില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. മണ്ഡലം കമ്മിറ്റിയിലെ 73 പേരില്‍ 70 പേരും പി കെ ശ്യാമളക്ക് എതിരായിരുന്നു. എന്നിട്ടും സ്ഥാനാര്‍ത്ഥിയായത് ഞെട്ടിച്ചെന്നാണ് കാസര്‍കോടുനിന്നുള്ള അംഗം ചൂണ്ടിക്കാട്ടിയത്. പിന്നാലെയാണ് റിപ്പോര്‍ട്ടില്‍ സ്ഥാനാര്‍ഥിത്വത്തിലെ പിഴവ് കൂടി ഉള്‍പ്പെടുത്തിയത്.
അതേസമയം, എ പദ്മകുമാറിനെതിരെ ഒടുവില്‍ നടപടിക്കൊരുങ്ങുകയാണ് സിപിഐഎം. നടപടി ചര്‍ച്ച ചെയ്യാന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി. പദ്മകുമാറിനെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ മാത്രമായിരുന്നു ഇതുവരെയുള്ള നിര്‍ദ്ദേശം. സ്വര്‍ണ്ണക്കൊള്ള ആരോപണം തെരഞ്ഞെടുപ്പ് റിവ്യു റിപ്പോര്‍ട്ടില്‍ സംസ്ഥാന നേതൃത്വം മയപ്പെടുത്തിയിരുന്നു. എന്നാല്‍ നടപടി പരാമര്‍ശിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് സംസ്ഥാന കമ്മിറ്റി ശഠിച്ചു. ഇതേത്തുടര്‍ന്നാണ് തിരുത്തലിന് തയ്യാറായത്.
അതോടൊപ്പം സിപിഐഎം സംസ്ഥാനനേതൃത്വം മാറണമെന്നാണ് തിരുവനന്തപുരം ജില്ലാകമ്മിറ്റി ഉന്നയിക്കുന്ന ആവശ്യം. പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ കമ്മിറ്റിയിൽ രൂക്ഷവിമർശനമാണ് ഉയർന്നത്. പാർട്ടി നേതൃത്വത്തിൻ്റെ വീഴ്ച്ചകൾ എണ്ണിപ്പറഞ്ഞാണ് നേതാക്കൾ വിമർശനമുയർത്തിയത്. എം വി ഗോവിന്ദനും യോഗത്തിൽ പങ്കെടുത്തിരുന്നു.
Content Highlights: CPIM Secretariat report has reportedly undergone three major corrections