ഹരിപ്പാട്: ഹരിപ്പാട് നടന്ന ബാല ഭിക്ഷാടനത്തിനെതിരെ പ്രതികരണവുമായി വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. വളരെ ഞെട്ടിക്കുന്ന സംഭവമാണ് പുറത്ത് വന്നതെന്ന് ബിന്ദു കൃഷ്ണ. കേരളം പോലൊരു സംസ്ഥാനത്ത് ഭിക്ഷാടനം നടക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. ഹരിപ്പാട് ഭിക്ഷാടന മാഫിയയെ പിടിക്കൂടിയ സംഭവത്തിൽ ആലപ്പുഴ എസ്പിയുമായി സംസാരിച്ചെന്നും വിഷയത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് നിർദേശിച്ചെന്നും മന്ത്രി ബിന്ദു കൃണ്ഷ പറഞ്ഞു.
സംഭവത്തിൽ കുട്ടികൾക്ക് കൗൺസിലിങ് കൊടുക്കാൻ ശിശുക്ഷേമ സമിതി ചെയർപേഴ്സണനോട് നിർദേശിച്ചെന്നും മന്ത്രി പറഞ്ഞു. ഭിക്ഷാടനത്തിനായി കുഞ്ഞിന്റെ അച്ഛന്റെ സഹോദരനാണ് കൊണ്ടുവന്നതെന്നാണ് അറിയാൻ സാധിച്ചതെന്നുംഇളയ കുഞ്ഞിനെ ഉടൻ കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു. സിനിമയിൽ മാത്രമാണ് ഇത്തരം ക്രൂരതകൾ കാണുന്നതെന്നും എല്ലാ ജില്ലകളിലും വേണ്ട ശ്രദ്ധ നൽകുമെന്നും മന്ത്രി പ്രതികരിച്ചു. ഭിക്ഷാടന പ്രവർത്തനവുമായി പിടിയിലാകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ഹരിപ്പാട് ഭിക്ഷാടന മാഫിയയില്‍ നിന്ന് രക്ഷപ്പെട്ട പതിനാലുകാരന്റെ അനുജനെയും ചെറിയച്ഛനെയും ഹരിപ്പാട് പൊലീസ് കണ്ടെത്തിയത്. കേസിൽ പതിനാലുകാരനെയും അനുജനെയും കേരളത്തിലെത്തിച്ച ചെറിയച്ഛന് അന്തോണിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൂത്തുക്കുടിയിലെ അനാഥാലയത്തില്‍ നിന്നാണ് രണ്ട് കുട്ടികളെയും അന്തോണി ഹരിപ്പാട് എത്തിച്ചത്. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മാന്നാര്‍ ഭാഗത്ത് ഒളിവിലായിരുന്നു അന്തോണി. ഇയാള്‍ക്കെതിരെ ജെ ജെ ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.
ഭിക്ഷാടന മാഫിയയില്‍ നിന്ന് രക്ഷപ്പട്ട പതിനാലുകാരന്റെ വെളിപ്പെടുത്തലില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ എസ്പിക്ക് നിര്‍ദ്ദേശം ശിശുക്ഷേമസമിതി നിർദേശം നൽകിയിരുന്നു. പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണെന്ന് സിഡബ്ല്യുസി ചെയര്‍പേഴ്സണ്‍ ഗീത റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം സിഡബ്ല്യുസി സംരക്ഷണത്തിനേറ്റെടുത്ത കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ തമിഴ്നാട്ടിലെ അനാഥാലയങ്ങളില്‍ നിന്നാണ് ഭിക്ഷാടനത്തിനായി കൊണ്ടുവരുന്നത്. കേരളത്തില്‍ ഹോസ്റ്റല്‍ സൗകര്യത്തോടെയുള്ള ജോലിയോ വിദ്യാഭ്യാസമോ നല്‍കാമെന്ന പേരിലാണ് കുട്ടികളെ കൊണ്ടുവരുന്നത്. ഹരിപ്പാട് മാത്രം ഇരുപതോളം കുട്ടികളാണ് സംഘത്തിലുള്ളത്. സംഘത്തിന്റേത് സംസ്ഥാന വ്യാപകമായ റാക്കറ്റാണ് എന്നാണ് കുട്ടി മൊഴി നൽകിയത്.
Content Highlights: Congress leader Bindu Krishna has termed the Haripad begging racket revelations shocking, stating that organized begging involving children cannot be tolerated in Kerala.