തിരുവനന്തപുരം: നവകേരള യാത്രക്കിടെ കരിങ്കൊടി കാട്ടിയ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്മാന് ഉള്‍പ്പെടെ സുരക്ഷാ ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതില്‍ രൂക്ഷവിമര്‍ശനവുമായി കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുണ്‍ രാജേന്ദ്രന്. സിപിഐഎം മുൻ ജില്ലാ സെക്രട്ടറിയുടെ മകളുടെ കോടതിയില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് അരുണ്‍ രാജേന്ദ്രന് വിമര്‍ശിച്ചു. നിയമങ്ങള്‍ പാലിക്കേണ്ടവര്‍ പക്ഷം ചേര്‍ന്നാല്‍ നീതിയുടെ പക്ഷമായി തങ്ങള്‍ മാറുമെന്നും അരുണ്‍ രാജേന്ദ്രന് പറഞ്ഞു. സഹപ്രവര്ത്തകകന്റെ ചോരകൊണ്ട് എഴുതിയ കണക്കുപുസ്തകവുമായി തങ്ങള്‍ ഇറങ്ങും. ഗണ്മാന്മാരുടെ തലപൊട്ടിക്കുമെന്നും അരുണ്‍ രാജേന്ദ്രന് ഭീഷണി മുഴക്കി.
നിരാശാജനകമായ വിധിയാണെന്നും കേസ് പരിഗണിച്ച കോടതിയുടെ സ്വഭാവം മുന്‍കാലങ്ങളിലെ കാര്യങ്ങള്‍ പഠിച്ചാല്‍ എല്ലാവര്ക്കും അറിയാമെന്നും എ ഡി തോമസ് എംഎല്‍എ പ്രതികരിച്ചു. 'താല്ക്കാലികമായ രാഷ്ട്രീയ തിരിച്ചടിയാണ്. കോടതിയുടെ സ്വഭാവം മുന്‍കാലങ്ങളിലെ കാര്യങ്ങള്‍ പഠിച്ചാല്‍ എല്ലാവര്ക്കും അറിയാം. ജനപ്രതിനിധിയെന്ന നിലയില്‍ എനിക്ക് അത് പറയുന്നതില്‍ പരിമിധി ഉണ്ട്. കോടതിയുടെ മുന്‍ ഇടപെടല്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ മനസ്സിലാവും. പശ്ചാത്തലം എല്ലാവര്ക്കും അറിയാം', എന്നായിരുന്നു എ ഡി തോമസിന്റെ പ്രതികരണം.
കേസില്‍ അഞ്ച് പ്രതികള്‍ക്കാണ് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി ഇന്ന് ജാമ്യം അനുവദിച്ചത്. ഗണ്മാന് അനില്‍ കുമാര്‍, പൊലീസുകാരായ എസ് സന്ദീപ്, അരുണ്‍, വിപിന്‍, ഷൈജു എന്നിവര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മൂന്ന് ദിവസത്തെ വാദത്തിന് ശേഷമാണ് ഉത്തരവ്. ആലപ്പുഴ ജില്ല സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് വിധി പറഞ്ഞത്.
Content Highlights: Arun Rajendran Criticizes Bail Order for Security Personnel in Navakerala Yatra Assault