ആലപ്പുഴ: നവകേരള യാത്രക്കിടെ കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസിൽ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്മാന്മാര്ക്ക് മുന്‍കൂര്‍ ജാമ്യം. അഞ്ച പ്രതികള്‍ക്ക് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. ഗണ്മാന് അനില്‍ കുമാര്‍, പൊലീസുകാരായ എസ് സന്ദീപ്, അരുണ്‍, വിപിന്‍, ഷൈജു എന്നിവര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മൂന്ന് ദിവസത്തെ വാദത്തിന് ശേഷമാണ് ഉത്തരവ്. ആലപ്പുഴ ജില്ല സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസാണ് വിധി പറഞ്ഞത്.
പ്രതികളെ കസ്റ്റഡിയില്‍ വേണ്ടത് തെളിവ് കണ്ടെത്താന്‍ ആണെന്ന പ്രോസിക്യൂഷന് വാദവും സാക്ഷികളെ സ്വാധീനിക്കുമെന്ന വാദവും കോടതി തള്ളി. നിലവില്‍ പ്രതികള്‍ ഉപയോഗിച്ച ലാത്തി സറണ്ടര്‍ ചെയ്തിട്ടുണ്ടെന്നും മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചെന്നും ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചെന്നും കോടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ സ്വാധീനത്തോടെ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന വാദവും കോടതി തള്ളി. മുന്‍ സര്‍ക്കാരിന്റെ കാലത്തിനായിരുന്നു അതിന്റെ സാധ്യത. നിലവില്‍ സര്‍ക്കാര്‍ മാറി. മുന്‍പത്തെ സ്ഥിതി നിലവിലില്ല. പരാതിക്കാര്‍ സാധാരണക്കാരല്ല. ഒരാള്‍ എംഎല്‍എയും മറ്റൊരാള്‍ പ്രധാന സംഘടനയുടെ ഭാരവാഹിയും ആണെന്ന് സെഷന്‍സ് കോടതി ചൂണ്ടിക്കാട്ടി. ഉന്നത ഉദ്യോഗസ്ഥര്‍ പ്രതികള്‍ക്ക് വേണ്ടി ഇടപെട്ടുവെന്നതും വിശ്വസിക്കാനാകില്ല. സംഭവസമയത്ത് പ്രതികള്‍ ചെയ്തത് ഔദ്യോഗിക കൃത്യനിര്‍വഹണം മാത്രമാണെന്നും കോടതി നിരീക്ഷിച്ചു.
ഗണ്മാന് ഉൾപ്പെടെ സുരക്ഷാ ജീവനക്കാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം നരഹത്യാക്കുറ്റം ചുമത്തിയിരുന്നു. പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത ഒഴിവാക്കുന്നതിനാണ് വധശ്രമക്കുറ്റം ചുമത്തിയത്. കേസില്‍ പ്രതികളായ അഞ്ച് പേരെയും കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. ഗുരുതരമായ ചട്ടലംഘനമാണ് ഉണ്ടായതെന്നും ശക്തമായ വകുപ്പുതല നടപടി വേണമെന്നും എസ്ഐടി ശുപാര്‍ശ ചെയ്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ നടപടി.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ ഗൺമാന്മാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
എന്നാൽ മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഗൺമാൻമാർ ചെയ്തതെന്നും, അത് ഒരു 'രക്ഷാപ്രവർത്തന'മാണെന്നും പറഞ്ഞ് മുഖ്യമന്ത്രി നടപടിയെ ന്യായീകരിക്കുകയാണുണ്ടായത്.
Content Highlights: Former CM’s Gunmen Granted Anticipatory Bail in Navakerala Yatra Assault Case