കൊച്ചി: നടന് സലിം കുമാറിന് വിട നല്കി നാട്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയോടെയായിരുന്നു സംസ്കാരം. പറവൂരിലെ വീട്ടുവളപ്പില്‍ ഉച്ചയ്ക്ക് 3.30ഓടെയായിരുന്നു സംസ്കാരം. മരിക്കുമ്പോള്‍ മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി സംസ്കരിക്കണമെന്ന് സലിം കുമാര്‍ മുന്‍പ് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. വീട്ടുവളപ്പില്‍ സംസ്കരിക്കണമെന്ന ആഗ്രഹവും കുടുംബാംഗങ്ങളോട് പങ്കുവെച്ചിരുന്നു. ഇതനുസരിച്ചാണ് സംസ്കാര ചടങ്ങുകള്‍ ക്രമീകരിച്ചത്.
സലിം കുമാറിനെ അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. രാവിലെ എട്ട് മണിയോടെയായിരുന്നു കൊച്ചി അമൃത ആശുപത്രിയില്‍ നിന്നും നടന്റെ മൃതദേഹം പറവൂരിലെ ടൗണ്‍ഹാളിലേക്ക് പൊതുദര്‍ശനത്തിന് എത്തിച്ചത്. സിനിമാ-രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലെ നിരവധിപേര്‍ സലിംകുമാറിന് അന്തിമോപചാരമര്‍പ്പിക്കാനെത്തി. ശേഷം അവസാനമായി സ്വവസതിയായ ലാഫിങ് വില്ലയിലേക്ക്. വീട്ടിലും നിരവധി പേരാണ് തങ്ങളുടെ പ്രിയ താരത്തെ കണ്ടുമടങ്ങിയത്.
മുഖ്യമന്ത്രി വി ഡി സതീശന്, സംഘടനാചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി, എംഎല്‍എയായ രമേശ് പിഷാരടി, സംവിധായകന് കമല്‍, നടന് ജയറാം, നടി നവ്യ നായര്‍ തുടങ്ങി നിരവധിപ്പേര്‍ ടൗണ്‍ ഹാളിലെത്തി. ഇന്നലെ രാത്രി 10.43ഓടെ അമൃത ആശുപത്രിയില്‍വെച്ചായിരുന്നു സലിം കുമാറിന്റെ അന്ത്യം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമാണ് മരണ കാരണം.
മലയാള സിനിമയില്‍ ഹാസ്യവേഷങ്ങളില്‍ തിളങ്ങിയ സലിം കുമാര്‍ സ്വഭാവ വേഷങ്ങളിലും തന്മയത്വത്തോടെയുള്ള അഭിനയ മികവ് തെളിയിച്ചിരുന്നു. 1996-ല്‍ 'ഇഷ്ടമാണ് നൂറുവട്ടം' എന്ന സിനിമയിലൂടെയായിരുന്നു സലിം കുമാറിന്റെ സിനിമാ അരങ്ങേറ്റം. 2006ല്‍ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് സലിംകുമാര്‍ അര്‍ഹനായി. 2011ല്‍ ആദാമിന്റെ മകന് അബുവെന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്കാരവും സലിം സ്വന്തമാക്കി.
മൂന്ന് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തില്‍ 320ലധികം കഥാപാത്രങ്ങളെയാണ് സലിം കുമാറെന്ന അഭിനേതാവ് അവിസ്മരണീയമാക്കിയത്. സംസ്ഥാന ചലചിത്ര പുരസ്കാരം നേടിയ കറുത്ത ജൂതന് ഉള്‍പ്പെടെ മൂന്ന് സിനിമകളില്‍ സംവിധായകനെന്ന നിലയിലും കൈയ്യൊപ്പ് പതിപ്പിച്ചു. കറുത്ത ജൂതന് മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിരുന്നു. കറുത്ത ജൂതന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചത് സലിം കുമാറായിരുന്നു.
2000 മുതല്‍ 2005 വരെയുള്ള കാലയളവായിരുന്നു സലിം കുമാറെന്ന അഭിനേതാവിന്റെ സിനിമാ ജീവിതത്തിലെ സുവര്‍ണകാലം. തെങ്കാശി പട്ടണത്തിലെ കള്ളന്, ഈ പറക്കും തളികയിലെ മായാണ്ടി, സിഐഡി മൂസയിലെ പേരില്ലാത്ത കഥാപാത്രം, കല്യാണരാമനിലെ പ്യാരി, പുലിവാല് കല്യാണത്തിലെ മണവാളന്, മീശമാധവനിലെ അഡ്വേക്കേറ്റ് മുകുന്ദനുണ്ണി എന്നിങ്ങനെ മലയാളി എന്നും നെഞ്ചോടു ചേര്‍ക്കുന്ന കഥാപാത്രങ്ങള്‍ മലയാള സിനിമയിലെ ഏറ്റവും മികച്ച ഹാസ്യതാരങ്ങളുടെ പട്ടികയിലേക്കു സലിംകുമാറിനെ എത്തിച്ചു.
ഹാസ്യവേഷം മാത്രമല്ല കൂടുതല്‍ അഭിനയപ്രാധാന്യമുള്ള സീരിയസ് വേഷങ്ങളും തനിക്കു ചേരുമെന്ന് സലിംകുമാര്‍ തെളിയിച്ച കാലമായിരുന്നു പിന്നീട്. 2006ല്‍ പുറത്തിറങ്ങിയ ലാല്‍ജോസ് ചിത്രം അച്ഛനുറങ്ങാത്ത വീടായിരുന്നു ഇതിനു തുടക്കം. ചിത്രത്തിലെ സാമുവല്‍ എന്ന കഥാപാത്രം മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സലിംകുമാറിനു നേടികൊടുത്തു. 1969 ഒക്ടോബര്‍ പത്തിന് എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ ഗംഗാധരന്- കൌസല്യ ദമ്പതികളുടെ ഇളയ മകനായാണ് സലിംകുമാറിന്റെ ജനനം. ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്കൂളിലും ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
മാല്യങ്കര എസ്എന്‍എം കോളജിലെ പ്രീഡിഗ്രി വിദ്യാഭ്യാസത്തിനിടെയാണ് മിമിക്രി രംഗത്തേക്കു കടന്നത്. മഹാരാജാസ് കോളജില്‍ ബിരുദ പഠനത്തിനിടെ എംജി സര്‍വകലാശാല കലോത്സവത്തില്‍ മിമിക്രി മത്സരത്തില്‍ മൂന്ന് തവണ വിജയിയായി. അക്കാലത്ത് മലയാളത്തിലെ മിമിക്രിയുടെ പ്രധാന കേന്ദ്രമായിരുന്ന കൊച്ചിന് കലാഭവനില്‍ എത്താനായത് സലിം കുമാറിന്റെ കലാ ജീവിതത്തിലെ വഴിത്തിരിവായി. മെലിഞ്ഞ രൂപവും ഹാസ്യരസം മിന്നിമായുന്ന മുഖവും പ്രത്യേക ചിരിയുമായി സലിംകുമാര്‍ ആരാധകരെ കൈയ്യിലെടുത്തു. കോമിക്കോള എന്ന ടെലിവിഷന്‍ ഹാസ്യപരിപാടിയിലെ പ്രകടനം വെള്ളിത്തിരയിലേക്കു വഴിതുറന്നു. സുനിതയാണ് ഭാര്യ. നടന് ചന്തു, ആരോമല്‍ എന്നിവര്‍ മക്കളാണ്.
Content Highlights: Final Rites of Actor Salim Kumar Completed Amid Emotional Farewell