കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ ഇ ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. ഇന്ത്യന്‍ നിയമ വ്യവസ്ഥയെ വിലയ്ക്കു വാങ്ങാന്‍ കഴിയില്ലെന്ന് തെളിയിക്കുന്നതാണ് വിധിയെന്ന് ഷോണ്‍ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. പുതുതായി തെളിവ് ശേഖരിക്കണമെന്ന് കരുതുന്നില്ലെന്നും ഷോണ്‍ പറഞ്ഞു.
ആദ്യം മുതല്‍ തന്നെ അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ ശ്രമം നടന്നിരുന്നുവെന്നും ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. വീണ ഈ നിമിഷം വരെ കോടതിയെ സമീപിച്ചിട്ടില്ല. ഇന്നും ആ ബാന്ധവം തുടരുന്നു എന്നതിന്റെ തെളിവാണിത്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണിതെന്നും കേസുമായി ബന്ധപ്പെട്ട് നിയമപോരാട്ടം നടത്തുന്ന ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് പറഞ്ഞു.
മാത്യു കുഴല്‍നാടന്റെ കേസും തന്റെ കേസും രണ്ടാണ്. സംസ്ഥാന സര്‍ക്കാരിന് ഓഹരി പങ്കാളിത്തമുള്ള കമ്പനിയില്‍ വീണ തിരിമറി നടത്തിയെന്നും അടച്ച ജിഎസ്ടിയുടെ ഇന്‍ വോയിസ് വ്യാജമാണെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. നല്‍കാത്ത സേവനത്തിനാണ് ഇന്‍ വോയിസ്. ജിഎസ്ടി തട്ടിപ്പും നടത്തി. സംസ്ഥാന സര്‍ക്കാരിനും വേണമെങ്കില്‍ കേസെടുക്കാം. വീണ ഇടനിലക്കാരിയും പിണറായി വിജയന് പ്രതിയുമാണെന്നും ഷോണ്‍ ജോര്‍ജ് ആരോപിച്ചു.
സിഎംആര്‍എല്‍-എക്സാലോജിക് കരാറില്‍ ഇഡി അന്വേഷണം തുടരുന്നതിന് നിയമപരമായ വിലക്കില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. അപ്പീല്‍ നല്‍കുന്നതിനായി അന്വേഷണത്തിന് രണ്ടാഴ്ച സാവകാശം വേണമെന്ന സിഎംആര്‍എല്ലിന്റെ ആവശ്യവും കോടതി തള്ളുകയായിരുന്നു. സിവില്‍ അന്വേഷണവുമായി ഇഡിക്ക് മുന്നോട്ട് പോകാമെന്ന് പറഞ്ഞ കോടതി ക്രിമിനല്‍ നടപടികള്‍ക്ക് വിലക്കുണ്ടെന്ന് വ്യക്തമാക്കി. സ്വത്ത് കണ്ടുകെട്ടലും അതിനുള്ള അന്വേഷണവുമാകാം. ഇതിന് കള്ളപ്പണ ഇടപാടിലേക്ക് നയിക്കുന്ന കുറ്റകൃത്യം ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഇ ഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് സിഎംആര്‍എല്‍ അപ്പീല്‍ നല്‍കുകയായിരുന്നു. അധികാരപരിധി മറികടന്നാണ് ഇഡിയുടെ അന്വേഷണമെന്നായിരുന്നു സിഎംആര്‍ലിന്റെ വാദം
Content Highlights: BJP leader Shaun George has reacted after the High Court dismissed CMRL's appeal seeking to halt the ED investigation in the CMRL-Exalogic case