തിരുവനന്തപുരം: ധവളപത്രവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രിമാരായ പി രാജീവും തോമസ് ഐസക്കും. ധവളപത്രത്തിലൂടെ പ്രതിഫലിച്ചത് സര്‍ക്കാരിന്റെ രാഷ്ട്രീയമാണെന്ന് പി രാജീവ് പറഞ്ഞു. നെഹ്റുവിയന്‍ ലെഫ്റ്റിന്റെ പ്രതീകമായി കേരളത്തിലെ സര്‍ക്കാര്‍ മാറുകയാണ്. പൊതുമേഖലയെ പൂര്‍ണ്ണമായും കൈയൊഴിയുന്നതാണ് തല്‍സ്ഥിതി റിപ്പോര്‍ട്ട്. പുതിയ കാഴ്ചപ്പാടോടുകൂടി പൊതുമേഖലയെ സമീപിക്കാനാണ് കഴിഞ്ഞ സര്‍ക്കാര്‍ ശ്രമിച്ചത്. പൊതുമേഖലയെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും പി രാജീവ് പറഞ്ഞു.
സ്വകാര്യവല്‍ക്കരണം വേണം, പക്ഷേ അത് പൊതുമേഖലയെ സംരക്ഷിച്ചുകൊണ്ടായിരിക്കണം. 29 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭകരമാണ്. വേണ്ടത്ര പരിശോധന നടത്താതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. നവ ഉദാരവല്‍ക്കരണം ആണ് പുതിയ സര്‍ക്കാരിന്റെ സമീപനം. പൊതുമേഖല സാമ്പത്തികമായി ലാഭകരമല്ല എന്ന് പറയുന്നു. കഴിഞ്ഞ 10 വര്‍ഷം പൊതുമേഖലയില്‍ ഉണ്ടായ മാറ്റം ഈ രേഖ കണ്ടില്ലെന്ന് നടിക്കുകയാണ്. കേവലം ലാഭ നഷ്ട കണക്കുകളിലൂടെ മാത്രം സമീപിക്കുന്ന രീതിയാണുള്ളതെന്നും രാജീവ് പറഞ്ഞു.
ധവളപത്രം വായിച്ചപ്പോള്‍ ഒരു കാര്യം ഉറപ്പായെന്നും ഒരു ഇന്ദിര ഗ്യാരണ്ടിയും നടപ്പാക്കാന്‍ പോകുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു. ക്ഷേമ പെന്ഷന് വീട്ടില്‍ കൊണ്ട് തരില്ല. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുകയുമില്ല. പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് പൂട്ട് വീഴും. കേരളം വലിയ തിരിച്ചുപോക്കിന് സാക്ഷ്യം വഹിക്കാന്‍ പോവുകയാണെന്നും തോമസ് ഐസക് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെപ്പറ്റിയുള്ള വിശദ വിവരങ്ങളടങ്ങിയ ധവളപത്രം മുഖ്യമന്ത്രി സതീശനാണ് സഭയില്‍ അവതരിപ്പിച്ചത്. 5.07ലക്ഷം കോടി രൂപയാണ് കേരളത്തിന്റെ ആകെ കടബാധ്യതയെന്നായിരുന്നു ധവളപത്രത്തില്‍ പറഞ്ഞിരുന്നത്. സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെന്ഷന്, പലിശ എന്നിവയ്ക്കായാണ് ചെലവഴിക്കുന്നതെന്നും ധവളപത്രത്തില്‍ പറഞ്ഞിരുന്നു. ട്രഷറി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. കടമെടുത്ത പണം മാത്രമാണ് ട്രഷറിയില്‍ ബാക്കിയുള്ളത്. 2026 മാര്‍ച്ച് 31ന് 6,322 കോടിയാണ് ട്രഷറി നീക്കിയിരിപ്പെങ്കില്‍ ഏപ്രിലില്‍ ഇത് 5,263കോടി രൂപയും ഇക്കഴിഞ്ഞ മെയ് 16 വരെ 2,211 കോടിയുമാണെന്നും ധവളപത്രത്തില്‍ പറയുന്നു. വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള മൂലധനചെലവ് രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്നും ധവളപത്രം വ്യക്തമാക്കിയിരുന്നു.
കിഫ്ബിക്ക് ഏകദേശം 21,000 കോടിയുടെ വായ്പ ബാധ്യത ബാക്കിയുണ്ടെന്നും കിഫ്ബിയുടെ കടങ്ങൾ യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തിന്റെ കടങ്ങളാണെന്നും ധവളപത്രത്തില്‍ പറഞ്ഞിരുന്നു. കേരള പൊതുമേഖല സ്ഥാപനങ്ങളുടെ (പിഎസ്സി, കെഎസ്ആർടിസി അടക്കം) ആകെ നഷ്ടം 78,851 കോടി ആയി ഉയര്‍ന്നു. പട്ടികജാതി, പട്ടിക വര്‍ഗം, പിന്നാക്ക വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്കുള്ള പദ്ധതി വിഹിതം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗണ്യമായി കുറഞ്ഞു. സംസ്ഥാനത്തിന്റെ നികുതി വരുമാനവും കേന്ദ്ര സഹായവും പ്രതീക്ഷിച്ചതിലും കുറവായിരുന്നു. ഇത് സാമ്പത്തിക സമ്മര്‍ദ്ദം വര്‍ധിപ്പിച്ചതായും ധവളപത്രത്തില്‍ പറഞ്ഞിരുന്നു.
Content Highlights- P Rajeev and Thomas Isaac criticized the opposition during the white paper debate in the Kerala Assembly