കൊച്ചി: ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ മെയ് മാസത്തെ ശമ്പളം മുടങ്ങി. മുൻ സർക്കാർ നിയോഗിച്ച മുതിര്‍ന്ന അഭിഭാഷകര്‍ ഉള്‍പ്പടെയുള്ളവരുടെ ശമ്പളമാണ് മുടങ്ങിയത്. ഓരോ മാസവും ഒന്നാം തീയതി ലഭിക്കുന്ന ശമ്പളം മൂന്ന് ദിവസം കഴിഞ്ഞിട്ടും ലഭിച്ചില്ലെന്നാണ് പരാതി. അധികാരമാറ്റത്തിന് പിന്നാലെ ഭരണാനുകൂല സംഘടനയിലെ നേതാക്കള്‍ ഇടപെട്ടതാണ് ശമ്പളം മുടങ്ങാനുള്ള കാരണമെന്നാണ് ആരോപണം.
രാഷ്ട്രീയ വൈരാഗ്യം മുന്‍നിര്‍ത്തി ബോധപൂര്‍വ്വം ശമ്പളം തടഞ്ഞെന്നാണ് മുന്‍ സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകര്‍ ഉയര്‍ത്തുന്ന ആരോപണം. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ മുറയ്ക്ക് ഇടതുസര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകര്‍ രാജിക്കത്ത് നല്‍കിയിരുന്നു. എന്നാല്‍ പുതിയ സര്‍ക്കാര്‍ നിയോഗിക്കുന്ന അഭിഭാഷകര്‍ പദവി ഏറ്റെടുക്കുന്നതോടെയാണ് മുന്‍ അഭിഭാഷകര്‍ സ്ഥാനമൊഴിയുന്നത്. ഈ സാഹചര്യത്തിലാണ് മുന്‍ സര്‍ക്കാരിന്റെ അഭിഭാഷകരില്‍ പലര്‍ക്കും മെയ് മാസത്തെ ശമ്പളം മുടങ്ങിയത്. ഇന്നും ശമ്പളം ലഭിച്ചില്ലെങ്കിൽ അഡ്വക്കറ്റ് ജനറലിനെ നേരിട്ട് കണ്ട് പ്രതിഷേധം അറിയിക്കാനാണ് അഭിഭാഷകരുടെ തീരുമാനം. ഒപ്പം സർക്കാർ അഭിഭാഷകർ നാളെ കൂട്ട അവധി എടുക്കുമെന്നും അറിയിച്ചു.
Content Highlights: Government lawyers appearing in the Kerala High Court have reportedly not received their May salary, raising concerns over administrative and financial delays