തിരുവനന്തപുരം: കേരളത്തിൽ കാലവർഷം എത്തിയെന്ന് അറിയിച്ച് കേന്ദ്രകാലാവസ്ഥ വകുപ്പ്. കേരളത്തിൽ 2026ലെ തെക്കുപടിഞ്ഞാറൻ കാലവർഷം ഇന്ന് ഔദ്യോഗികമായി ആരംഭിച്ചതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. അറബിക്കടലിന്റെ തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ ഭാഗങ്ങളിലേക്കും ലക്ഷദ്വീപ് മേഖലയിലേക്കും കേരളം, മാഹി, കർണാടക, തമിഴ്നാട് എന്നിവയുടെ ചില ഭാഗങ്ങളിലേക്കും കാലവർഷം വ്യാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങളിലേക്കും കാലവർഷത്തിന്റെ മുന്നേറ്റം തുടരുകയാണെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയായി ജൂൺ ഒന്നിനാണ് കേരളത്തിൽ കാലവർഷം എത്തിച്ചേരാറുള്ളത്. സാധാരണയേക്കാൾ മൂന്ന് ദിവസം വൈകിയാണ് ഇത്തവണ കാലവർഷം കേരളത്തിലെത്തിയത്.
അതേസമയം സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റമുണ്ട്. തിരുവനന്തപുരം കൊല്ലം ജില്ലകളിലെ ഓറഞ്ച് അലേർട്ട് പിൻവലിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ടുള്ളത്. രണ്ട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർഗോഡ്, ജില്ലകളിലും ഇന്ന് യെല്ലോ അലേർട്ടാണ്.
Content Highlights: The India Meteorological Department (IMD) has officially confirmed the onset of the southwest monsoon in Kerala, marking the beginning of the country's rainy season.