തിരുവനന്തപുരം: വടകര ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ 'കാഫിർ സ്ക്രീൻഷോട്ട്' വിവാദത്തിൽ എസ്ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര വകുപ്പ്. കോഴിക്കോട് റൂറൽ എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുമെന്നാണ് വിവരം. വടകര സ്റ്റേഷനിലെ എസ്എച്ചഒ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
'വടകര കാഫിർ സ്ക്രീൻഷോട്ട്' കേസിൽ എസ്ഐടി രൂപീകരിച്ചതിൽ പ്രതികരിച്ച് കെ കെ രമ എംഎൽഎ. കേസിൽ കൃത്യമായ അന്വേഷണം വേണമെന്നും വർഗീയ ചേരിതിരിവുണ്ടാക്കിയ എല്ലാവരെയും പുറത്ത് കൊണ്ടുവരണമെന്നും പ്രതികരണം. കേസിൽ ഊർജിതമായ അന്വേഷണം വേണമെന്നും രമ പറഞ്ഞു. 'സത്യസന്ധമായ അന്വേഷണം നടക്കണം. ഭരണകൂടത്തിന് അത് സാധിക്കുമെന്ന് തെളിയിക്കണം. സൈബർ ആക്രമണങ്ങളെയും ഗൂഢാലോചനകളെയും തടയിടാൻ കഴിയുന്ന അന്വേഷണം നടക്കണം'; എന്നാണ് കെ കെ രമ പറഞ്ഞത്.
'കാഫിർ സ്ക്രീൻഷോട്ട്' വിവാദത്തിൽ അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ള കത്ത് നൽകിയിരുന്നു . രമേശ് ചെന്നിത്തലയുടെ ഓഫീസിൽ നേരിട്ട് എത്തിയായിരുന്നു കത്ത് നൽകിയത്. വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചവരെ വെറുതെ വിടരുതെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടിരുന്നു.
കേസിൽ പ്രതികളെന്ന് സംശയിക്കുന്ന ഡിവൈഎഫ്ഐ നേതാക്കളുടെ ഫോൺ ഫോറൻസിക് പരിശോധന നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇരുപത് മാസം കഴിഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും എംഎൽഎ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നിർണായകമായ ശാസ്ത്രീയ തെളിവുകൾ പുറത്തുവിടാതെയും യഥാർത്ഥ പ്രതികളെ പിടികൂടാതെയും അന്വേഷണം അവസാനിപ്പിക്കാൻ ചില കേന്ദ്രങ്ങളിൽനിന്ന് ശ്രമം നടക്കുന്നുണ്ടെന്നും പാറക്കൽ അബ്ദുള്ള ആരോപിച്ചിരുന്നു.
Content Highlights: The Home Department has ordered an SIT probe into the Vadakara kafir screenshot controversy. Police investigation has been intensified.