മലപ്പുറം: മഞ്ചേരി പുൽപ്പറ്റ യുഡിഎഫ് ഓഫീസിൽ പെൻഷൻ വിതരണം നടത്തിയതിൽ സർക്കാർ നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്. ഗുണഭോക്താക്കളുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുംവിധം അവരെ പാർട്ടി ഓഫീസിൽ വിളിച്ചുവരുത്തി വരിനിർത്തി പെൻഷൻ വിതരണം ചെയ്തത് അംഗീകരിക്കാനാവില്ലെന്നും സിപിഐഎം പറഞ്ഞു. കഴിഞ്ഞ പത്തുവർഷം സുതാര്യമായി നടന്ന പെൻഷൻ വിതരണം യുഡിഎഫ് സർക്കാർ അധികാരത്തിലേറിയപ്പോൾ തന്നെ അട്ടിമറിക്കപ്പെട്ടുവെന്നും ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി.
പെരുന്നാൾ കാലത്തുപോലും സമയബന്ധിതമായി പെൻഷൻ വിതരണം ചെയ്യാൻ സർക്കാരിനായിട്ടില്ല. അതിന് പുറമെയാണ് പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം ചെയ്ത് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത്.യുഡിഎഫിന്റെ ജനാധിപത്യവിരുദ്ധ പ്രവണതകളെയാണ് ഇത് വ്യക്തമാക്കുന്നത്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തുന്ന പെൻഷൻ വിതരണത്തെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്തവർക്കെതിരെ കർശന നടപടി വേണമെന്നും ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് നിയന്ത്രണത്തിലുള്ള പുൽപ്പറ്റ സഹകരണ ബാങ്ക് അധികൃതരാണ് പുൽപ്പറ്റ കാരപറമ്പിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് ഗുണഭോക്താക്കളെ വിളിച്ചുവരുത്തി ക്ഷേമ പെൻഷൻ വിതരണംചെയ്തത്. പുൽപ്പറ്റ പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ ബാങ്ക് ജീവനക്കാരൻ സി അക്ബർ, യൂത്ത് ലീഗ് പ്രവർത്തകൻ വാഹിദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പെൻഷൻ വിതരണം. പെൻഷൻ വാങ്ങാൻ ഓഫീസിനുമുന്നിൽ രാത്രിവരെ ഗുണഭോക്താക്കൾ വരി നിൽക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ക്ഷേമ പെൻഷൻ രാഷ്ട്രീയ വിഷയമല്ല. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കൃത്യമായും മാനദണ്ഡങ്ങൾ പാലിച്ചുമാണ് പെൻഷൻ വിതരണം ചെയ്തത്. ഒരു രാഷ്ട്രീയ ഇടപെടലും ഉണ്ടായിട്ടില്ല. പെൻഷൻ ഒൗദാര്യമല്ല, അവകാശമാണെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി.
Content Highlight : The CPI(M) Malappuram District Secretariat has demanded that the government take legal action over the distribution of pensions at the UDF office in Pulpatta, Manjeri