മേശ തോറും മിഠായി ഒന്നിച്ചു നല്‍കിയത് വേഗത്തില്‍ വിതരണം പൂര്‍ത്തിയാക്കാന്‍; വിവാദത്തില്‍ വി മുരളീധരന്‍

ഈ ചെറിയ കാര്യത്തിനാണ് സിപിഐഎം ജാതി വിദ്വേഷത്തിന്റെ നിറം കൊടുക്കാന്‍ ശ്രമിച്ചതെന്നും എംഎല്‍എ കുറ്റപ്പെടുത്തി

കൊച്ചി: തിരുവനന്തപുരം കട്ടേല ട്രൈബല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കുട്ടികള്‍ക്ക് മിഠായി ഡെസ്‌കിലിട്ട് നല്‍കിയത് വിവാദമായതോടെ വിശദീകരണവുമായി വി മുരളീധരന്‍ എംഎല്‍എ. വേഗത്തില്‍ വിതരണം പൂര്‍ത്തിയാക്കാനാണ് മേശതോറും മിഠായി ഒന്നിച്ചുനല്‍കിയതെന്നാണ് മുരളീധരന്‍ പ്രതികരിച്ചത്. മിഠായി വിതരണം ചെയ്യാന്‍ മറ്റാരും ഏല്‍പ്പിച്ചതല്ല. വാങ്ങിക്കൊണ്ടു ചെന്ന മിഠായി ഓരോ കുട്ടിക്കായി കൊടുക്കാന്‍ നിന്നാല്‍ മന്ത്രിയടക്കം മറ്റുള്ളവര്‍ പിന്നെയും കാത്തു നില്‍ക്കേണ്ടി വരും. കുട്ടികള്‍ക്ക് വാങ്ങിയ മിഠായി അവര്‍ക്ക് കൊടുക്കണമല്ലോയെന്നും എംഎല്‍എ പ്രതികരിച്ചു.

ഈ ചെറിയ കാര്യത്തിനാണ് സിപിഐഎം ജാതി വിദ്വേഷത്തിന്റെ നിറം കൊടുക്കാന്‍ ശ്രമിച്ചതെന്നും എംഎല്‍എ കുറ്റപ്പെടുത്തി. എത്ര കൊടുംവിഷമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി കുഞ്ഞുങ്ങളില്‍പ്പോലും കുത്തി നിറയ്ക്കാന്‍ ശ്രമിച്ചത് എന്ന് വി മുരളീധരന്‍ ചോദിച്ചു.

സംഭവത്തില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ച വി ശിവന്‍കുട്ടിക്കും വി മുരളീധരന്‍ മറുപടി നല്‍കി. നിയമസഭ തല്ലിത്തകര്‍ത്ത ശിവന്‍കുട്ടി അപ്പൂപ്പനില്‍ നിന്ന് 'സംസ്‌ക്കാരം' പഠിക്കേണ്ട ഗതികേട് തല്‍ക്കാലം ഇല്ല എന്നായിരുന്നു പ്രതികരണം.

കഴിഞ്ഞ ദിവസമാണ് മിഠായി വിതരണത്തിന്റെ വീഡിയോ പുറത്തുവന്നത്. മന്ത്രി എ തുളസിയെയും വീഡിയോയില്‍ കാണാം. മിഠായി കയ്യില്‍ കൊടുക്കാതെ ഡസ്‌കില്‍ ഇട്ടുനല്‍കുന്നതിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് മുരളീധരന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും ജന്മിത്ത മനോഭാവമാണിതെന്നുമായിരുന്നു ശിവന്‍കുട്ടി വിമര്‍ശിച്ചത്.

Content Highlights: MLA V Muralidharan has issued a clarification after a controversy erupted over sweets being placed on a desk during an event

To advertise here,contact us