മൂവാറ്റുപുഴ: അമേരിക്കയിലെ അറ്റ്ലാന്റയില്‍ വിവാഹ ദിവസം വധൂവരന്മാര് സഞ്ചരിച്ച ഹെലികോപ്റ്റർ തകര്‍ന്ന് അപകടം. വരനും പൈലറ്റും മരിച്ചു. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മൂവാറ്റുപുഴ വീട്ടൂര്‍ കടുവാക്കുഴിയില്‍ ഫിജി ജോര്‍ജിന്റെയും ഫേബയുടെയും മകന് ഡേവ് ഫിജിയാണ് മരിച്ചത്.
ഡെല്‍റ്റ എയര്‍ലൈന്‍സ് പൈലറ്റാണ് ഡേവ്. 26 വയസായിരുന്നു. വധു തിരുവല്ല ഭരണിക്കാവ് തലവടി ചുടുകാട്ടില്‍ സാമിന്റെയും ഷീലയുടെയും മകള്‍ ജെസ്നി പരിക്കേറ്റ് ചികിത്സയിലാണ്. അപകടത്തെ തുടര്‍ന്ന് ജെസ്നി ബോധരഹിതയായി. അഞ്ച് മണിക്കൂറിന് ശേഷം ഉണര്‍ന്നപ്പോഴാണ് ഹെല്പ്പ്ലൈനില് വിവരം വിളിച്ചറിയിച്ചത്.
ജോര്‍ജിയ ഡോസണ് കൗണ്ടിയിൽ അമേരിക്കന്‍ സമയം വെള്ളിയാഴ്ച രാത്രി 10.30ന് (ഇന്ത്യന്‍ സമയം 30ന് രാവിലെ 8മണിക്ക്) ആയിരുന്നു അപകടം. വധൂവരന്മാര് വിവാഹസത്കാരം കഴിഞ്ഞ് ഹോട്ടലിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. വിജന പ്രദേശമായ ഡോസണ്‍വില്ലയിലെ 24 മൗണ്ട് വെര്‍നണ്‍ ഡ്രൈവിന് സമീപമാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്.
മോശം കാലാവസ്ഥയും മരച്ചില്ലയില്‍ ഇടിച്ചതുമാണ് ഹെലികോപ്റ്റര്‍ തകരാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി ബോര്‍ഡ് അന്വേഷണം ആരംഭിച്ചു. അമേരിക്കയില്‍ ആരോഗ്യരംഗത്ത് ജോലി ചെയ്യുകയാണ് ഫിജിയും ഫേബയും. മകന്റെ വിവാഹം പ്രമാണിച്ച് ഒരുമാസം മുമ്പാണ് ഫിജി മൂവാറ്റുപുഴയില്‍ വന്ന് പോയത്. നിയമനപടികള്‍ക്ക് ശേഷം ഡേവിന്റെ മൃതദേഹം തിങ്കളാഴ്ച വിട്ടുകിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്കാരം വ്യാഴാഴ്ച അറ്റ്ലാന്റയില്‍ നടക്കും.
Content Highlights: A Malayali groom died after a helicopter carrying a newly married couple crashed in the United States