തൃശൂര്‍: കാട്ടാന ആക്രമണം പരിശോധിക്കാന്‍ എത്തിയ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിനെ വഴിതടഞ്ഞ് കാട്ടാന. ഞായറാഴ്ച രാത്രി വാഴച്ചാല്‍ അടുത്ത് ചാര്‍പ്പയിലായിരുന്നു സംഭവം നടന്നത്. വാഴച്ചാല്‍ ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലേക്ക് പോവുകയായിരുന്ന മന്ത്രി ഷിബു ബേബി ജോണിന്റെയും സംഘത്തിന്റെയും വഴിമുടക്കിയാണ് ചാര്‍പ്പയില്‍ കാട്ടാന നിന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് ആനയെ തുരത്തിയ ശേഷമാണ് യാത്ര പുനഃരാരംഭിച്ചത്.
അതിനിടെ അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മോഹനന്റെ വീട് മന്ത്രി ഷിബു ബേബി ജോണ്‍ സന്ദര്‍ശിച്ചു. ഇന്ന് രാവിലെയാണ് മന്ത്രിയും സംഘവും മോഹനന്റെ വീട്ടില്‍ എത്തിയത്. ഒരു മണിക്കൂറോളം കുടുംബത്തിന്റെയും നാട്ടുകാരുടെയും പരാതികള്‍ മന്ത്രി കേട്ടു. പൂര്‍ണമായും ജനവാസകേന്ദ്രത്തിലാണ് ആനയെത്തിയതെന്ന് മന്ത്രി പറഞ്ഞു. പ്രദേശത്ത് ആനയുടെ സ്ഥിരം സാന്നിധ്യമുണ്ടെന്നും തെര്‍മല്‍ ഇമേജിങ് ഡ്രോണ്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
സോളാര്‍ ഫെന്‍സിങ് ഇടാത്തത് എവിടെയൊക്കെയാണ് എന്ന കാര്യം പരിശോധിക്കും. മൂന്നുതല പ്രതിരോധമാണ് ലക്ഷ്യംവെയ്ക്കുന്നത്. ഡ്രോണ്‍, സോളാര്‍, ട്രഞ്ച് നടപ്പാക്കാനുള്ള സാധ്യത പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ആനയെ റീ ലൊക്കേറ്റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയാണ് ആനകളുടെ ആക്രമണം ഉണ്ടായത്. ഉദ്യോഗസ്ഥരുടെ അഭാവം രൂക്ഷമാണ്. 15 കിലോമീറ്റര്‍ പരിധിയില്‍ 25 ഉദ്യോഗസ്ഥരേ ഉള്ളൂ. അഞ്ചിന് 100 ദിന പരിപാടി പ്രഖ്യാപിക്കുമ്പോള്‍ സോളാര്‍ വോള്‍ട്ടേജ് അറിയിക്കാനുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതിരപ്പിള്ളി വൈശേരിയില്‍ മെയ് മുപ്പതിനായിരുന്നു കാട്ടാന ആക്രമണത്തില്‍ മോഹനന് കൊല്ലപ്പെട്ടത്. വീടിന് സമീപത്ത് കാട്ടാന ഇറങ്ങിയപ്പോള്‍ മുന്നില്‍പ്പെടുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ മോഹനനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
Content Highlights- A forest minister who visited an area to review the aftermath of a wild elephant attack encountered an unexpected situation when a wild elephant reportedly blocked the route