കാണാതായെന്ന് പറയുന്ന ആഭരണങ്ങള്‍ ലോക്കറിലുണ്ട്; പൊലീസിനെ തള്ളി പത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി

ആഭരണങ്ങള്‍ കാണാനില്ലെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ഭരണസമിതി ആവശ്യപ്പെട്ടു

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് കാണാതായി എന്ന് പൊലീസ് പറയുന്ന ആഭരണങ്ങള്‍ സുരക്ഷിതമാണെന്ന് ക്ഷേത്രം ഭരണസമിതി. ആഭരണങ്ങള്‍ ലോക്കറില്‍ ഉണ്ടെന്നും താക്കോലുകള്‍ നമ്പിമാരുടെ കൈകളില്‍ സുരക്ഷിതമാണെന്നും ഭരണസമിതി വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ജില്ലാ ജഡ്ജി അധ്യക്ഷനായ ഭരണസമിതിക്ക് അഡ്മിനിസിട്രേറ്റീവ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കി. 'വൈര നാമ' ഉള്‍പ്പെടെയുളള ആഭരണങ്ങള്‍ ക്ഷേത്രത്തിലെ ലോക്കറിലുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആഭരണങ്ങള്‍ കാണാനില്ലെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ഭരണസമിതി ആവശ്യപ്പെട്ടു.

സംസ്ഥാന പൊലീസ് മേധാവിക്കുവേണ്ടി പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ എഡിജിപി സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കണ്ടെത്തലുകല്‍ പൂര്‍ണമായും തെറ്റാണെന്ന് ഭരണസമിതി വ്യക്തമാക്കി. ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ നഷ്ടപ്പെട്ടു എന്ന് പറയുന്ന വൈര നാമവും വിളക്കും ഉള്‍പ്പെടെ ശ്രീകോവിലിനുളളില്‍ ഭദ്രമായിരിപ്പുണ്ടെന്നും ഭക്തര്‍ സമര്‍പ്പിച്ച സ്വര്‍ണനാണയങ്ങളുടെയും കട്ടകളുടെയും കൃത്യമായ കണക്കുകള്‍ ക്ഷേത്രത്തിലുണ്ടെന്നും ഭരണസമിതി യോഗത്തിന് ശേഷം ഭാരവാഹികള്‍ അറിയിച്ചു.

ചെമ്പകത്തിന്‍മൂട് നട വഴിയുളള പ്രവേശനം ക്ഷേത്ര സ്ഥാനിക്കും രാജകുടുംബാംഗങ്ങള്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടുളളതാണെന്നും ഭരണസമിതി വ്യക്തമാക്കി. 'മറ്റാര്‍ക്കും ഈ വഴി പ്രവേശനമില്ല. ഭക്തരും ജീവനക്കാരും അതിഥികളും അടക്കമുളള എല്ലാവരും പൊലീസ് സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമായി മാത്രമാണ് ക്ഷേത്രത്തിനകത്ത് പ്രവേശിക്കുന്നതും പുറത്തുപോകുന്നതും. ചില വ്യക്തികള്‍ സുരക്ഷാ പരിശോധനയില്ലാതെ ക്ഷേത്രത്തില്‍ വന്നുപോകുന്നു എന്ന പൊലീസിന്റെ വാദം അടിസ്ഥാനരഹിതമാണ്' എന്നാണ് ഭരണസമിതി വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

Content Highlights: The Padmanabhaswamy Temple Governing Body says the missing jewellery is in the locker.

To advertise here,contact us