കോഴിക്കോട്: കോഴിക്കോട് വടകരയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ എത്തി തിരുവള്ളൂര്‍ സ്വദേശി ഇബ്രാഹിം കുട്ടി ഹാജി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. പണം തിരികെ ലഭിക്കില്ലെന്ന് ആയപ്പോഴാണ് അദ്ദേഹം ജീവനൊടുക്കിയതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ഇബ്രാഹിം കുട്ടിയുടേത് ആത്മഹത്യയല്ല, കൊലപാതകമാണ്. സഹകരണ പ്രസ്ഥാനം എന്ന പേരില്‍ പണം സമ്പാദിക്കുകയാണ് ചെയ്തത്. നടന്നത് വലിയ തട്ടിപ്പാണ്. ഇബ്രാഹിം കുട്ടി ഹാജിയുടെ മരണത്തോടെയാണ് സംഭവം പുറംലോകമറിഞ്ഞതെന്നും എം വി ഗോവിന്ദന് പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എം വി ഗോവിന്ദൻ
ലീഗ് ഉന്നത നേതാക്കളായിരുന്നു ലേബര്‍ സൊസൈറ്റിയിലേക്കുള്ള ധനസമാഹരണ ഉദ്ഘാടനത്തിന് മുന്നില്‍ നിന്നതെന്നും എം വി ഗോവിന്ദന് ആരോപിച്ചു. പ്രമുഖരായ ലീഗ്, കോണ്‍ഗ്രസ് നേതാക്കളെ മുന്നില്‍ നിര്‍ത്തിയാണ് ധനസമാഹരണം നടന്നത്. ഇബ്രാഹിം കുട്ടിയുടെ മരണത്തില്‍ കോണ്‍ഗ്രസിനും ലീഗിനും ഉത്തരവാദിത്വം ഉണ്ട്. ഇത് ഒരു കേസ് മാത്രമല്ല, നിരവധിപ്പേര്‍ പറ്റിക്കപ്പെട്ടിട്ടുണ്ടെന്നും എം വി ഗോവിന്ദന് പറഞ്ഞു.
അതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ടും എം വി ഗോവിന്ദന് പ്രതികരിച്ചു. അധികാരത്തില്‍ നിന്ന് പോയി എന്ന് കരുതി അതിവേഗ റെയില്‍ പദ്ധതിയെ എതിര്‍ക്കില്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. പദ്ധതി വേണ്ടെന്ന് ഇടതുപക്ഷ മുന്നണി പറയില്ല. പദ്ധതി വേണം എന്നാണ് അഭിപ്രായം. എന്നാല്‍ കെ റെയില്‍ പദ്ധതി ഉപേക്ഷിക്കുന്ന നിലയിലേക്ക് എത്തിച്ച യുഡിഎഫ് മാപ്പ് പറയണമെന്നും എം വി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
Content Highlights- M V Govindan alleged that Ibrahim Kutty's death was a murder. He also claimed that the Congress and the Muslim League bear responsibility in the matter.