മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ട പ്രിൻസിപ്പലിനെതിരായ സസ്പെൻഷൻ;പോസ്റ്റ് ഷെയർ ചെയ്ത് പ്രതിഷേധിക്കുമെന്ന് KSTA

'മുഖ്യമന്ത്രി പറഞ്ഞത് നുണ, ഇതാണ് സത്യം' എന്ന വാചകത്തോടെ ഫേസ്ബുക്ക് പോസ്റ്റർ പങ്കുവെയ്ക്കുമെന്നാണ് അധ്യാപക സംഘടന പറയുന്നത്

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട സ്കൂൾ പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ). സസ്പെൻഷന് കാരണമായ ഫേസ്ബുക്ക് പോസ്റ്റർ അധ്യാപകർ ഷെയർ ചെയ്യുമെന്ന് അറിയിച്ചാണ് പ്രതിഷേധം. 'മുഖ്യമന്ത്രി പറഞ്ഞത് നുണ, ഇതാണ് സത്യം' എന്ന വാചകത്തോടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെയ്ക്കുമെന്നാണ് അധ്യാപക സംഘടന അറിയിച്ചത്. പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തതിൽ അധ്യാപകർ ക്യാംപെയ്ൻ നടത്തുമെന്നും കെഎസ്ടിഎ പറഞ്ഞു. സംസ്ഥാനത്തെ വിവിധ നഗരങ്ങളിൽ പോസ്റ്റർ പ്രദർശിപ്പിക്കാനും തീരുമാനമുണ്ടെന്ന് കെഎസ്ടിഎ അറിയിച്ചു.

ഇന്നലെയാണ് ആറ്റിങ്ങൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ ജവാദിനെ പൊതു വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തത്. മുഖ്യമന്ത്രി വി ഡി സതീശനെ സമൂഹ മാധ്യമം വഴി അപമാനിച്ചെന്ന പരാതിയിലായിരുന്നു നടപടി. മെയ് 31ന് സർവീസിൽ നിന്ന് വിരമിക്കാൻ ഇരിക്കവേയാണ് പ്രിൻസിപ്പലിനെതിരെ നടപടി ഉണ്ടായത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ അധ്യാപകനെതിരെ നേരത്തെ കേസെടുത്തിരുന്നു. പിന്നാലെയാണ് ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.

ഫേസ് ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിയുടെ ചിത്രവും പോസ്റ്ററും ഉപയോ​ഗിച്ച് അപകീർത്തിപെടുത്തിയെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. സമൂഹമാധ്യമത്തിലൂടെ വ്യക്തികളെയും സർക്കാരിനെയും അപകീർത്തിപ്പെടുത്തുന്നത് ചട്ടലംഘനമാണെന്നും കർശന നടപടി സ്വീകരിച്ചെന്നുമാണ് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്.

Content Highlights: The Kerala School Teachers Association (KSTA) has protested the suspension of a school principal over a social media post allegedly directed against the Chief Minister.

To advertise here,contact us