വന്ദേമാതരം പൂർണമായും അവതരിപ്പിക്കാത്തത് പ്രോട്ടോക്കോൾ ലംഘനം, ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്: ഗവർണർ

രേഖാമൂലമാണ് ഗവര്‍ണര്‍ സ്പീക്കറെ പ്രതിഷേധം അറിയിച്ചത്

തിരുവനന്തപുരം: വന്ദേമാതരം പൂര്‍ണ്ണമായും അവതരിപ്പിക്കാത്തതില്‍ പ്രതിഷേധമറിയിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. വന്ദേമാതരം പൂര്‍ണമായും അവതരിപ്പിക്കാത്തത് പ്രോട്ടോകോള്‍ ലംഘനമാണെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ് ഗവര്‍ണര്‍ അറിയിച്ചു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. രേഖാമൂലമാണ് ഗവര്‍ണര്‍ സ്പീക്കറെ പ്രതിഷേധം അറിയിച്ചത്.

യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ തന്നെ കല്ലുകടിയായി മാറിയിരിക്കുകയാണ് വന്ദേമാതര വിവാദം. സഭയിൽ വന്ദേമാതരം പൂർണമായി ആലപിക്കാത്തത്തിൽ പരസ്യമായി ഗവർണർ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന നിർദ്ദേശം പാലിച്ചില്ലെന്നായിരുന്നു ഗവർണറുടെ പ്രതികരണം. സർക്കാർ മുസ്‌ലിം ലീഗിനും ജമാഅത്തെ ഇസ്‌ലാമിക്കും വഴങ്ങിയതുകൊണ്ടാണ് വന്ദേമാതരം ആലപിക്കാത്തതെന്ന വിമർശനവുമായി ബിജെപിയും രംഗത്തെത്തിയിരുന്നു.

ഗവർണർ പങ്കെടുക്കുന്ന ചടങ്ങിൽ വന്ദേമാതരം മുഴുവൻ പാടണമെന്ന പ്രോട്ടോകോൾ സർക്കാർ പാലിച്ചില്ല. 150-ാം വാർഷികം ആഘോഷിക്കുന്ന ദേശീയഗീതം അപമാനിക്കപ്പെട്ടു. വന്ദേമാതരം മുഴുവനും പാടണമെന്ന നിർദേശം ലംഘിച്ചത് ലോക്ഭവനോടും ഗവർണറോടുമുള്ള അവഹേളനമാണെന്നും ബിജെപി ആരോപിച്ചു.

എന്നുമുതലാണ് സതീശന് വന്ദേമാതരത്തോട് അയിത്തം തുടങ്ങിയെന്ന് വി മുരളീധരൻ എംഎൽഎ ചോദിച്ചു. സതീശന്റെ പ്രവർത്തനം ജമാഅത്തെ ഇസ്‌ലാമിയുടെ നിർദേശത്തിനനുസരിച്ചാണെന്നും വന്ദേമാതരം മത നിരപേക്ഷതക്ക് ചേർന്നതല്ലെന്ന് തോന്നിയത് എപ്പോഴാണെന്നും വി മുരളീധരൻ മാധ്യമങ്ങളോട് സംസാരിക്കവെ ചോദിച്ചു.

എന്നാൽ, വന്ദേമാതരം പൂർണമായും ആലപിക്കേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കി. കേരളാ നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് വന്ദേമാതര ആലാപനം ഉണ്ടായതെന്നതും ശ്രദ്ധേയമാണ്.

Content Highlights: Governor Rajendra Arlekar dissatisfaction Over Incomplete Rendition of Vande Mataram

To advertise here,contact us