തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഇന്ന് നിയമസഭയില്‍ നടത്തിയ നയപ്രഖ്യാപനത്തെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നയപ്രഖ്യാപനത്തില്‍ കാര്യമായ നയം ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്തെല്ലാമോ സംഭവിക്കാന്‍ പോകുന്നു എന്ന പ്രതീതി മാത്രമാണുള്ളത്. പുതുയുഗം ആയിരുന്നു വാഗ്ദാനം. ഗുണപ്രദമായ പ്രഖ്യാപനം വന്നാല്‍ ഇടതുപക്ഷം അവയെ പിന്താങ്ങും. പ്രതിപക്ഷമായതുകൊണ്ട് എല്ലാം കണ്ണും പൂട്ടി എതിര്‍ക്കില്ല. വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ അതിനെ ചെറുക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനങ്ങള്‍ക്കൊപ്പം ഉണ്ടാകും. അതാണ് പാര്‍ട്ടി നയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രത്തിന് സങ്കടം വരുത്തുന്നതൊന്നും പറയാതിരിക്കണം എന്ന നയം കൂടി ഇതിലുണ്ട്. മധുവിധു തീരും മുന്‍പ് യുദ്ധത്തിന് പോകണം എന്നല്ല പറയുന്നത്. കേന്ദ്രത്തെ വിമര്‍ശിക്കുന്ന ഒരു വാചകമോ വാക്കോ പോലും നയ പ്രഖ്യാപനത്തില്‍ ഉണ്ടായിരുന്നില്ല. കേന്ദ്രത്തെ സ്നേഹിച്ചും തൊട്ടും തലോടിയും പോകുന്ന രീതിയാണ് കണ്ടത്. ഇതാണോ സര്‍ക്കാരിന്റെ രാഷ്ട്രീയമെന്ന് ചോദിക്കേണ്ടി വരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായി സാമ്പത്തിക ഉപരോധം തീര്‍ക്കുകയാണ് കേന്ദ്രം. സംസ്ഥാനത്തിന്റെ സാമ്പത്തിക അധികാരങ്ങളെയെല്ലാം പുച്ഛിച്ചുകൊണ്ടാണ് കേന്ദ്രം പ്രവര്‍ത്തിച്ചത്. അത് കോണ്‍ഗ്രസിനും അറിയാം. ആ നയത്തില്‍ നിന്ന് കേന്ദ്രം മാറിയില്ലെങ്കില്‍ വലിയ പ്രതിസന്ധി ഉണ്ടാകും. അത് സൂചിപ്പിക്കാന്‍ പോലും നയപ്രഖ്യാപന പ്രസംഗത്തില്‍ തയാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.
സ്ത്രീകളുടെ സൗജന്യ യാത്ര എന്ന് മുതലെന്ന് പറഞ്ഞില്ല. അനന്തമായി കാത്തിരിക്കാന്‍ സ്ത്രീകളോട് പറയരുത്. കാലതാമസം ഇല്ലാതെ നടപ്പാക്കുമെന്നാണ് പ്രതീക്ഷ. ഇ ഡി ക്ക് എതിരായ ആക്രമണത്തിലും അദ്ദേഹം പ്രതികരിച്ചു. അത്തരം സീനുകള്‍ ഒഴിവാക്കണമായിരുന്നുവെന്ന് പറഞ്ഞ ബിനോയ് വിശ്വം ഇനി രാഷ്ട്രീയ സീന്‍ ഉണ്ടാക്കിയെന്നും പറഞ്ഞു. പിണറായി വിജയന് എന്ന പേര് കേസില്‍ എവിടെയുമില്ല. എന്നിട്ടും എട്ട് മണിക്കൂര്‍ പരിശോധന നടത്തി. എന്തിനാണ് അത്തരം ഒരു നാടകം സംഘടിപ്പിച്ചതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ചോദിച്ചു.
ഇ ഡി ഈ രാഷ്ട്രീയം പല ഇടത്തും കളിച്ചതാണ്. രാഷ്ട്രീയമായി അക്രമിക്കാനുള്ള ഉപാധിയായി ഇ ഡി മാറുന്നു. ഇഡി ക്ക് പുതിയ ഒരു പേര് ഉണ്ട്, 'വാഷിംഗ് മെഷീന്'. അതിലേക്ക് ഇട്ട് കൊടുത്താല്‍ കളങ്കം മാറും. പാര്‍ട്ടി മാറി ബിജെപിയില്‍ എത്തിയാല്‍ നാലാം നാള് മുഖ്യമന്ത്രിയാകും. ആ വാഷിംഗ് മെഷീനില്‍ തല വയ്ക്കാന്‍ പിണറായിയോ എല്ഡിഎഫ്ഒ തയ്യാറാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്‍ഡിഎഫിന്റെ നിയമസഭ കക്ഷി ഉപ നേതാവ് പദവിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. പലപ്പോഴും ആ പദവി ഉണ്ടായിട്ടുണ്ട്. സിപിഐഎമ്മുമായി നിരന്തരം ഈ വിഷയത്തില്‍ ബന്ധപ്പെടുന്നുണ്ട്. എപ്പോള്‍ ഇതില്‍ തീരുമാനമെടുക്കും എന്നതില്‍ ഒരു മുഹൂര്‍ത്തം തീരുമാനിച്ചിട്ടില്ല. എന്തായാലും അതിന് പരിഹാരം ഉണ്ടാകും. അത് പരിഹരിക്കാനുള്ള രാഷ്ട്രീയ വ്യക്തത സിപിഐക്കും സിപിഐഎമ്മിനും ഉണ്ട്.ഇതിന്റെ പേരില്‍ സിപിഐ- സിപിഐഎം ഭിന്നത സൃഷ്ടിച്ചെടുക്കാന്‍ നോക്കേണ്ടെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
Content Highlights: Binoy Viswam Criticises Governor Rajendra Arlekar’s Policy Address in Assembly