ബിനീഷ് കോടിയേരിക്ക് വീണ്ടും CPIM അംഗത്വം

പ്രാദേശിക വിഷയത്തെ മുന്‍നിര്‍ത്തിയാണ് ബിനീഷിന്റെ അംഗത്വം പുനഃസ്ഥാപിക്കാത്തത് എന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചത്

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്ക് സിപിഐഎം അംഗത്വം പുതുക്കി നല്‍കി. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ബ്രാഞ്ചിലാണ് അംഗത്വം നല്‍കിയത്. ലഹരിക്കേസില്‍ ഉള്‍പ്പെട്ട പശ്ചാത്തലത്തില്‍ നഷ്ടപ്പെട്ട അംഗത്വം പുതുക്കി നല്‍കാന്‍ നേതൃത്വത്തെ സമീച്ചെങ്കിലും നല്‍കിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം അംഗത്വം പുതുക്കി നല്‍കാന്‍ സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കുകയായിരുന്നു.

എസ്എഫ്‌ഐ അംഗമായിരിക്കെയാണ് ബിനീഷിന് പാര്‍ട്ടി അംഗത്വം ലഭിച്ചത്. എന്നാല്‍ ലഹരിക്കേസില്‍പ്പെട്ടതോടെ 2021ല്‍ അംഗത്വം നഷ്ടപ്പെട്ടു. 2023 മുതല്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുവരാനുള്ള ശ്രമം ബിനീഷ് നടത്തി വരികയായിരുന്നു. അംഗത്വം പുനഃസ്ഥാപിക്കാന്‍ നാല് തവണയാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി നേതൃത്വത്തോട് ആവശ്യപ്പെട്ടത്.

പ്രാദേശിക വിഷയത്തെ മുന്‍നിര്‍ത്തിയാണ് ബിനീഷിന്റെ അംഗത്വം പുനഃസ്ഥാപിക്കാത്തത് എന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചത്. ഇതില്‍ സംസ്ഥാന നേതൃത്വം ഇടപെടുമോയെന്ന ചോദ്യത്തിന് മറുപടിയും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ ഇതുസംബന്ധിച്ച് വിമര്‍ശനം ഉയര്‍ന്നിരുന്നു. സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ പാര്‍ട്ടിയെ പ്രതിരോധിക്കുന്ന ബിനീഷിനെ എന്തുകൊണ്ടാണ് പാര്‍ട്ടി മാറ്റി നിര്‍ത്തുന്നത് എന്ന ചോദ്യമായിരുന്നു ഉയര്‍ന്നത്.

Content Highlights: Bineesh Kodiyeri has rejoined the CPIM

To advertise here,contact us