ED റെയ്ഡിന് ശേഷമുണ്ടായ അക്രമം: ഉദ്യോഗസ്ഥ വീഴ്ചയെന്ന് റിപ്പോര്‍ട്ട്, പൊലീസിനെ അക്രമിച്ചതിലും കേസ്

ചുമതല നല്‍കിയിട്ടും റേഞ്ച് ഡിഐജി നേരിട്ടെത്തിയില്ലെന്നും വാഹനം പുറത്തേക്കിറങ്ങുമ്പോള്‍ ഇരുവശങ്ങളിലും സുരക്ഷ തീര്‍ത്തില്ലെന്നും റിപ്പോർട്ടില്‍

തിരുവന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കടക്കം വീഴ്ചയുണ്ടായെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുണ്ടായിട്ടും മുന്‍കരുതലുകള്‍ എടുത്തില്ല. സ്ഥലത്തുണ്ടായിരുന്നത് ജൂനിയറായ ഐപിഎസ് ഉദ്യോഗസ്ഥന്‍ മാത്രമാണ്. ചുമതല നല്‍കിയിട്ടും റേഞ്ച് ഡിഐജി നേരിട്ടെത്തിയില്ലെന്നും വാഹനം പുറത്തേക്കിറങ്ങുമ്പോള്‍ ഇരുവശങ്ങളിലും സുരക്ഷ തീര്‍ത്തില്ലെന്നും വിമര്‍ശമുണ്ട്. മാത്രമല്ല പൊലീസുകാര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കാന്‍ ഡിസിപിക്കും എസ്എച്ച്ഒയ്ക്കും കഴിഞ്ഞില്ലെന്നും സ്ഥലത്ത് വെച്ച് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇ ഡി റെയ്ഡിന് ശേഷമുണ്ടായ അക്രമ സംഭവങ്ങളില്‍ ഒരു കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊലീസിനെ അക്രമിച്ച സംഭവത്തിലാണ് കേസ്. കണ്ടാല്‍ അറിയാവുന്നവര്‍ക്കെതിരെ മ്യൂസിയം പൊലീസാണ് കേസെടുത്തത്. എഫ്‌ഐആറിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു. ലഹളയുണ്ടാക്കല്‍, അനധികൃതമായി സംഘം ചേരല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ആയുധം ഉപയോഗിച്ച് ആക്രമണം എന്നിവയാണ് ചുമത്തിയിരിക്കുന്ന വകുപ്പുകള്‍.

സംഭവത്തില്‍ കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരെയായിരുന്നു പൊലീസ് കേസെടുത്തത്. ഇതില്‍ പന്ത്രണ്ട് പേരെയാണ് തിരിച്ചറിഞ്ഞത്. അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കേസില്‍ പ്രതികളായ സിപിഐഎം പ്രവര്‍ത്തകരെ ഉടന്‍ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നാണ് പൊലീസ് മേധാവിയുടെ നിര്‍ദേശം.

കൂടുതല്‍ പേരിലേക്ക് അന്വേഷണം

സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ സിഎംആര്‍എല്ലില്‍ നിന്ന് കോഴപ്പണം പറ്റിയ കൂടുതല്‍ പേരിലേക്ക് കൂടി ഇ ഡി അന്വേഷണം നീളും. കൂടുതല്‍ രാഷ്ട്രീയ നേതാക്കളും അന്വേഷണ പരിധിയില്‍ വരും. 182 കോടിയുടെ വ്യാജ കണക്കുകള്‍ സിഎംആര്‍എല്‍ ഉണ്ടാക്കിയെന്നതാണ് കേസ്. നിരവധി രേഖകള്‍ കണ്ടെത്തുകയും സിഎംആര്‍എല്ലിന്റെ 242 അക്കൗണ്ടുകളിലെ 18.42 കോടി രൂപ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മൊഴിയും പിടിച്ചെടുത്ത രേഖകളും വിശദമായി പരിശോധിച്ച ശേഷം വീണ ടി ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള സമന്‍സ് നല്‍കും.

Content Highlights: Report on the attack that erupted after the ED raid has reportedly identified lapses on the part of officials in handling the situation.

To advertise here,contact us