കോഴിക്കോട്: ഗ്രൂപ്പ് ഇല്ലാതെയും കോണ്‍ഗ്രസിന് നേതാക്കന്മാരും എംഎല്‍എമാരും മന്ത്രിമാരും ഉണ്ടാവാം എന്ന് വി ഡി സതീശന് കാണിച്ചുതന്നുവെന്ന് എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ എം എന്‍ കാരശ്ശേരി. അതിനുള്ള നന്ദി കോണ്‍ഗ്രസുകാരനല്ലാത്ത തനിക്കുണ്ടെന്നും എം എന്‍ കാരശ്ശേരി പറഞ്ഞു. കോഴിക്കോട് മുഖ്യമന്ത്രി സതീശന് ഒരുക്കിയ പൗരാവലിയുടെ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കാരശ്ശേരി. വിദ്യാഭ്യാസ രംഗത്ത് ചില മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന ആവശ്യവും കാരശ്ശേരി മുഖ്യമന്ത്രിക്ക് മുന്നില്‍വെച്ചു.
കേരളത്തിലെ വിദ്യാഭ്യാസ നിലവാരം വളരെ താഴെയാണെന്ന് കാരശ്ശേരി ചൂണ്ടിക്കാട്ടി. പരീക്ഷ എഴുതാതെ, മാര്‍ക്ക് കിട്ടാതെ ഇത്ര ശതമാനം കുട്ടികള്‍ ജയിക്കണം എന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്ന പരീക്ഷാ സമ്പ്രദായം നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ നിലവിലുണ്ട്. എ പ്ലസ് കിട്ടുന്ന കുട്ടികള്‍ക്ക് എഴുതാനും വായിക്കാനും അറിയില്ല എന്നുപറഞ്ഞത് താനല്ല, ഡിപിഐയാണ്. പന്ത്രണ്ട് കൊല്ലം മലയാളം പാഠാവലിയില്‍ മലയാളം അക്ഷരമാല ഉണ്ടായിരുന്നില്ല. അത് സഭയില്‍ എങ്ങനെയാണ് പ്രശ്നമായതെന്ന് സതീശന് ഓര്‍മയുണ്ടാകും. വിദ്യാഭ്യാസ നിലവാരത്തെ കുറിച്ച് പഠിക്കാനും പരിഷ്ക്കരിക്കാനും ഒരു കമ്മിറ്റിയെയോ കമ്മീഷനെയോ വെയ്ക്കണം. കഴിയുന്നതിലും വേഗം ഇത് ചെയ്യണമെന്നും കാരശ്ശേരി പറഞ്ഞു. പത്താം ക്ലാസും പ്ലസ് ടുവും പാസായ കുട്ടികളെ നിരക്ഷതയില്‍ നിന്ന് രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്നും ഒരു അധ്യാപകന്റെ അപേക്ഷയാണിതെന്നും കാരശ്ശേരി പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷം തങ്ങളുടെ സ്വപ്നം കുറേ നരച്ചുപോയെന്ന് നടനും സംവിധായകനുമായ ജോയ് മാത്യുവും പറഞ്ഞു. അതേപോലെ തന്നെ ചെറുപ്പക്കാരുടെ സ്വപ്നം നശിച്ചും മരവിച്ചും പോയെന്നും ജോയ് മാത്യു പറഞ്ഞു. സ്വപ്നം കാണുന്ന ചെറുപ്പക്കാര്‍ ഇല്ലാതായി. യുവത്വം ലഹരിക്ക് അടിമയായി. കള്ളന്മാരും പിടിച്ചുപറിക്കാരുമായി യുവ തലമുറ മാറി. ചെറുപ്പക്കാരുടെ മനസിനെ ഇളക്കുന്ന, അവരെ സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന, മതസൗഹാര്‍ദ്ദത്തിന്റെ മാറ്റൊലി പ്രചരിപ്പിക്കുന്ന വി ഡി സതീശനാണ് ഇനി കേരളത്തില്‍ ചെറുപ്പക്കാരെ മുന്നോട്ടുകൊണ്ടുപോകുകയെന്നും ജോയ് മാത്യു പറഞ്ഞു.
കേരളത്തെ മാറ്റാന്‍ വിദഗ്ധരായ ആളുകളുടെ ടീം ഉണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രതികരണം. കേരളം മുഴുവന്‍ തുറമുഖ നഗരമാക്കാന്‍ കഴിയും. സ്റ്റേറ്റ് ഫിനാന്‍സ് ആകെ തകര്‍ന്നിരിക്കുകയാണ്. ഖജനാവ് നിറഞ്ഞാല്‍ സമ്പത്തിന്റെ നീതിപൂര്‍വമായ വിതരണം നടക്കും. കാലത്തിന് അനുസരിച്ച് കേരള മോഡലിന് മാറ്റം ഉണ്ടാകണം. നികുതി പണത്തില്‍ നിന്ന് ചോര്‍ച്ച ഉണ്ടാകാന്‍ അനുവദിക്കില്ല. നികുതി വെട്ടിക്കാനും അനുവദിക്കില്ല. എത്ര വലിയ കൊല കൊമ്പന് ആണേലും നികുതി വെട്ടിക്കാന്‍ കഴിയില്ലെന്നും സതീശന് പറഞ്ഞു.
തന്നെ ജെന്‍സിയുടെ ആളായാണ് എല്ലാവരും പറഞ്ഞത്. അവര്‍ തെരഞ്ഞെടുപ്പ് കാലത്ത് നല്കിയ പിന്തുണ മറക്കില്ല. മുതിര്‍ന്ന പൗരന്മാരെ എങ്ങനെ ചേര്‍ത്ത് പിടിക്കണം എന്ന് രാജ്യത്തിന് കാണിച്ച് കൊടുക്കും. കേരളത്തിന്റെ മതേതരത്വം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും. തെറ്റ് ചെയ്താല്‍ വിരല്‍ ചൂണ്ടി സംസാരിക്കാം. അത് ആര് പറഞ്ഞാലും കേള്‍ക്കുമെന്നും സതീശന് പറഞ്ഞു. കോഴിക്കോടിന് മന്ത്രി ഇല്ല എന്നാണ് പലരും പറഞ്ഞത്. എന്നാല്‍ കോഴിക്കോടിന് മന്ത്രിയായി സിദ്ദിഖ് ഉണ്ട്. മന്ത്രിയായി താനും ഉണ്ട്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ നിങ്ങള്‍ തന്നോട് പറഞ്ഞാല്‍ മതി. കോഴിക്കോടിന് നിരാശപ്പെടേണ്ടി വരില്ല. അത് തന്റെ വാക്കാണെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
Content Highlights- M N Karassery praised opposition leader VD Satheesan, saying he proved that Congress can function with MLAs and ministers without depending on faction-based group politics