'ലോക മലയാളികൾക്ക് നന്ദി, ഇങ്ങനൊരു ദിവസം പ്രതീക്ഷിച്ചിരുന്നില്ല': അബ്ദുൽ റഹീം

ഇന്ന് നാട്ടിലെത്താൻ സാധിക്കുമെന്ന് കരുതിയില്ലെന്ന് റഹീം

കോഴിക്കോട്: ലോക മലയാളികൾക്ക് നന്ദി പറഞ്ഞ് വൈകാരിക പ്രതികരണവുമായി അബ്ദുല്‍ റഹീം. തന്നെ സഹായിച്ചവർക്കും കാത്തിരുന്നവർക്കും ഒരുപാട് നന്ദിയുണ്ടെന്നാണ് റഹീം പറഞ്ഞത്. മധ്യമങ്ങൾക്കും സംഘാടകർക്കും ബോബി ചെമ്മണ്ണൂരിനും പ്രത്യേക നന്ദി അറിയിക്കുകയും ചെയ്തു. 20 വർഷത്തെ കാത്തിരിപ്പിനൊടുവില്‍ ജന്മനാട്ടിലെത്തിയ അബ്ദുൽ റഹീം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

'നാട്ടിൽ തിരിച്ചെത്താൻ കഴിയുമെന്ന് കരുതിയതല്ല. വീട്ടിലേക്ക് വല്ലപ്പോഴും കൂടിയായിരുന്നു വിളിക്കാൻ സാധിച്ചിരുന്നത്. 15 മിനിറ്റ് സമയം മാത്രമാണ് ലഭിച്ചിരുന്നത്. വിളിക്കുന്ന സമയത്ത് നാട്ടുകാരെ പറ്റിയൊക്കെ ചോദിക്കും, വിശേഷങ്ങൾ അറിയും. ഇങ്ങനൊരു വരവ് പ്രതീക്ഷിച്ചിരുന്നില്ല. ഇന്ന് നാട്ടിലെത്താൻ സാധിക്കുമെന്ന് കരുതിയില്ല. വല്ലാതൊരു വരവേപ്പ് തന്നെ കിട്ടി. എല്ലാവർക്കും ഒരുപാട് നന്ദി'; എന്നാണ് റഹീം റിപ്പോർട്ടറിനോട് പറഞ്ഞത്. റഹീമിൻ്റെ മടങ്ങിവരവിൽ പ്രതികരിച്ച് മാതാവ് റിപ്പോർട്ടറിനോട് സംസാരിച്ചിരുന്നു. തൻ്റെ മകനെ നാട്ടിലെത്തിക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി എന്ന് പറഞ്ഞ മാതാവ് വൈകാരികമായാണ് പ്രതികരിച്ചത്.

ഇന്ന് രാവിലെയായിരുന്നു കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീം ജന്മനാട്ടിലെത്തിയത്. ഏകദേശം 7.35നാണ് അബ്ദുൽ റഹീം കരിപ്പൂർ വിമാന താവളത്തിലിറങ്ങിയത്. വിപുലമായ സ്വീകരണമാണ് റഹീമിന് ലഭിച്ചത്. ബോബി ചെമ്മണ്ണൂർ അടക്കമുള്ളവർ വിമാനത്താവളത്തില്‍ എത്തിയിരുന്നു. വലിയ പെരുന്നാളിന് റഹീം നാട്ടിലെത്തുമെന്ന് കുടുംബം പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് റഹീമിന്റെ മോചന ഉത്തരവിൽ അധികൃതർ ഒപ്പുവെച്ചത്. രാജ്യം വിടാനുള്ള എമിഗ്രേഷൻ നടപടികൾ വേ​ഗത്തിൽ പൂ‍ർത്തിയായതോടെയാണ് റഹീമിന് പെരുന്നാൾ ദിനം തന്നെ നാട്ടിലെത്താൻ സാധിച്ചത്. സൗദിബാലന്റെ മരണത്തിൽ ശിക്ഷിക്കപ്പെട്ട റഹീം 2006 മുതൽ ജയിലിലായിരുന്നു.

Content Highlights: Abdul Raheem expressed gratitude to Malayalis around the world, saying he never expected such a day amid developments related to his release from a Saudi prison

To advertise here,contact us