തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണൂരിലേയും തിരുവനന്തപുരത്തേയും വീടുകളിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം 12 ഇടങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നടത്തുന്ന പരിശോധന പുരോഗമിക്കുന്നു. രാവിലെ ഏഴ് മണിക്ക് മുമ്പായി ആരംഭിച്ച റെയിഡിനെതിരെ സിപിഐഎം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പിണറായി വിജയന്റെ തലസ്ഥാനത്തെ വാടകവീട്, കണ്ണൂരിലെ വീട്, മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്, സിഎംആര്‍എല്‍ എം ഡി ശശിധരന് കര്‍ത്തയുടെ കൊച്ചിയിലെ വീട്, ആലുവയിലെ സിഎംആര്‍എല്‍ ഓഫീസ്, ബെംഗളൂരുവിലെ എക്സാലോജിക് ഓഫീസ്, ശശിധരന് കര്‍ത്തയുമായി ബന്ധപ്പെട്ട മറ്റു രണ്ടിടങ്ങള്‍ ഉള്‍പ്പെടെ 12 ഇടങ്ങളിലാണ് ഇ ഡി റെയ്ഡ് പുരോഗമിക്കുന്നത്.
പിണറായി വിജയനും കുടുംബവും തിരുവനന്തപുരത്തെ വാടകവീട്ടിലാണുള്ളത്. പിണറായിയുടെയും മകള്‍ വീണയുടെയും മൊഴി ശേഖരിക്കുകയാണ് ഇ ഡി. അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ണൂരിലെ വീട്ടിലെത്തിയപ്പോള്‍ അടഞ്ഞുകിടക്കുകയായിരുന്നു. പിന്നീട് കെയര്‍ടേക്കറെ വിളിച്ചുവരുത്തി തുറപ്പിക്കുകയായിരുന്നു. പരിശോധന ആരംഭിച്ചതിന് പിന്നാലെ സിപിഐഎം പ്രവര്‍ത്തകരും സ്ഥലത്തേക്ക് എത്തി. ഇ ഡി പരിശോധനയില്‍ അണികള്‍ ശക്തമായ പ്രതിഷേധം നടത്തി വരികയാണ്. മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജനും സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷും സ്ഥലത്തെത്തി. റെയ്ഡ് ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്നുള്ള സംയുക്ത ഓപ്പറേഷന്റെ തുടക്കമാണെന്ന് പി ജയരാജന് പ്രതികരിച്ചു. ഇ ഡി സംഘപരിവാറിന്റെ എക്സ്ട്രാ ഡിപ്പാര്‍ട്ട്മെന്റ് ആണെന്നും പി ജയരാജന് വിമര്‍ശിച്ചു. ഇടതുപക്ഷത്തെ തകര്‍ക്കുന്നതിനായുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് റെയ്ഡെന്ന് കെ കെ രാഗേഷും പ്രതികരിച്ചു. വിനായക് ദാമോദര്‍ദാസ് സവര്‍ക്കര്‍ എന്നതും വടശ്ശേരി ദാമോദരന്‍ മേനോന് സതീശന് എന്നതും പേരിലുള്ള സാമ്യം മാത്രമല്ല. വി ഡി സതീശന് ബിജെപിക്കും ആര്‍എസ്എസിനും വേണ്ടി ഒത്താശ ചെയ്യുന്ന നേതാവ് ആണെന്നും കെ കെ രാഗേഷ് കടന്നാക്രമിച്ചു.
കോട്ടൂളിയിലെ വസതിയില്‍ ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ മുഹമ്മദ് റിയാസ് വീട്ടുണ്ടായിരുന്നില്ല. 'വളഞ്ഞിട്ടടിച്ചോളൂ…..പക്ഷേ സംഘപരിവാറിനു മുമ്പില്‍ കുമ്പിടില്ല.അവസാന ശ്വാസം വരെയും പോരാടും', എന്നാണ് റെയിഡിയില് മുഹമ്മദ് റിയാസ് പ്രതികരിച്ചത്. കോഴിക്കോടും സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നുണ്ട്.
കേന്ദ്രസര്‍ക്കാരും കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും ചേര്‍ന്നുള്ള രാഷ്ട്രീയ വേട്ടയാണെന്നാണ് സിപിഐഎം ആഖ്യാനം. മുഖ്യമന്ത്രി വി ഡി സതീശന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് റെയ്ഡ് എന്നത് ബിജെപി-കോണ്‍ഗ്രസ് ഒത്തുകളിയുടെ ഭാഗമാണെന്നും സിപിഐഎം ആരോപിക്കുന്നു. സംഭവത്തില്‍ ഏതുതരത്തിലാണ് പ്രതിഷേധം വേണ്ടതെന്ന് തീരുമാനിക്കാന്‍ സിപിഐഎം അടിയന്തര സെക്രട്ടറിയേറ്റ് യോഗം വിളിച്ചിട്ടുണ്ട്. തിരുവനന്തപുരത്തുളള സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ എകെജി സെന്ററിലെത്തും. മറ്റ് പ്രധാന നേതാക്കളോടും യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പിണറായിയില്‍ പ്രകടനം നടത്താനാണ് തീരുമാനം.
കഴിഞ്ഞ ദിവസമായിരുന്നു സിഎംആര്‍എല്‍ - എക്സാലോജിക് കരാറില്‍ ഇ ഡിയുടെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. ഇ ഡി അന്വേഷണം തടയണം എന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. അന്വേഷണം തുടരാന്‍ അനുവദിക്കണമെന്ന ഇ ഡിയുടെ ആവശ്യം സിംഗിള്‍ ബെഞ്ച് അംഗീകരിച്ചു. പിണറായി വിജയന്റെ മകള്‍ വീണ തൈക്കണ്ടിയിലിന്റെ കമ്പനിക്ക് മാസപ്പടി നല്‍കിയെന്ന കേസിലാണ് ഇ ഡിയുടെ അന്വേഷണം. സിഎംആര്‍എലില്‍ നിന്ന് എക്സാലോജിക് സൊല്യൂഷന്‍സ് സേവനം നല്‍കാതെ ഒരു കോടി 72 ലക്ഷം രൂപ കൈപ്പറ്റിയെന്ന ആക്ഷേപമാണ് ഇ ഡി അന്വേഷിക്കുന്നത്. സാമ്പത്തിക ഇടപാട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരും എന്നാണ് ഇഡിയുടെ വാദം.
Content Highlights: CPIM launched protests after Pinarayi Vijayan and Veena Vijayan came under the ED scanner in the CMRL-Exalogic case investigation.