മലപ്പുറം: മെട്രോമാൻ ഇ ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിയുമായി സംസ്ഥാന സർക്കാർ സഹകരിച്ചേക്കുമെന്ന് സൂചന. കെ റെയിൽ റദ്ദാക്കിയതിനു പിന്നാലെയാണ് ഇ ശ്രീധരന്റെ അതിവേഗ റെയിൽ പാത പദ്ധതിയുമായി സംസ്ഥാന സർക്കാർ സഹകരിക്കാനൊരുങ്ങുന്നത്. ഇ ശ്രീധരൻ മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച്ച നടത്തും.
മുഖ്യമന്ത്രി വിഡി സതീശന്റെ നിർദേശപ്രകാരം പൊന്നാനി എംഎൽഎ കെപി നൗഷാദലി ഇ ശ്രീധരനെ വീട്ടിലെത്തി കണ്ടു. സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കാൻ സന്നദ്ധമാണെന്ന് ഇ ശ്രീധരൻ അറിയിച്ചു. വികസന വിഷയങ്ങളിൽ രാഷ്ട്രീയം നോക്കേണ്ടതില്ലെന്ന് നൗഷാദലിയും പ്രതികരിച്ചു. വൈകാതെ മുഖ്യമന്ത്രിയുമായി ഇ ശ്രീധരൻ കൂടിക്കാഴ്ച്ച നടത്തും.
പദ്ധതി സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് മുഖ്യമന്ത്രിക്ക് ഇ ശ്രീധരൻ കൈമാറും. എന്നാൽ ഇ ശ്രീധരൻ പറഞ്ഞ അതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിരുന്നില്ല. സംസ്ഥാന സർക്കാർ ഇ ശ്രീധരനുമായി സഹകരിക്കാൻ തയ്യാറായാൽ കേന്ദ്രത്തിൽ നിന്നും നിർണായക പ്രഖ്യാപനം ഉണ്ടായേക്കും.
അതേസമയം കെ റെയിൽ പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാർ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കി. റവന്യൂ വകുപ്പാണ് ഉത്തരവിറക്കിയത്. പദ്ധതിക്കായി 1221 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള മുന്‍ ഉത്തരവുകളെല്ലാം റദ്ദാക്കിയുള്ള ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കി.
Content Highlights: After the cancellation of the Silver Line project state government is moving to cooperate with E. Sreedharan's high-speed rail project