കൊച്ചി: മുനമ്പത്തെ ഭൂമി വഖഫ് സ്വത്തായി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത നടപടിക്കെതിരെ ദീപിക ദിനപത്രത്തിൻ്റെ എഡിറ്റോറിയൽ. നടപടി മതേതര കേരളത്തിനെതിരായ വെല്ലുവിളിയാണെന്നാണ് ദീപികയുടെ എഡിറ്റോറിയൽ കുറ്റപ്പെടുത്തിയിരിക്കുന്നത്. വഖഫ് ബോർഡിനെയും മുഖ്യമന്ത്രി വി ഡി സതീശനെയും കോൺഗ്രസിനെയും എഡിറ്റോറിയൽ വിമർശിക്കുന്നുണ്ട്. 'തങ്ങളുടേതെന്നു തങ്ങൾക്കു തോന്നുന്ന ഏതു സ്വത്തും കൈവശപ്പെടുത്താൻ അനുവദിക്കുന്ന വഖഫ് വകുപ്പുകൾ ഈ മതേതര രാജ്യത്ത് ഇതിനോടകം വരുത്തിവച്ചിട്ടുള്ള വിനാശങ്ങൾ എല്ലാവരും ഓർമിക്കുന്നതു നല്ലതാണ്. തീവ്രഹിന്ദുത്വയെ രാജ്യത്ത് വളർത്തിയതിൽ വഖഫ് ബോർഡിൻറെ പങ്ക് ചരിത്രത്തിലുണ്ടാകും' എന്ന രൂക്ഷ വിമർശനവും വഖഫ് ബോർഡിനെതിരെ എഡിറ്റോറിയൽ ഉന്നയിച്ചിട്ടുണ്ട്.
വി ഡി സതീശനെയും എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നുണ്ട്. അധികാരത്തിലെത്തിയാൽ 10 മിനിറ്റുകൊണ്ട് തീർക്കാവുന്ന പ്രശ്നമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പ്രതിപക്ഷനേതാവായിരുന്നപ്പോൾ പറഞ്ഞിട്ടുള്ളതുകൊണ്ട് ഈ സംഭവവികാസങ്ങൾ ശ്രദ്ധയിൽ പെടുത്തുകയാണെന്നാണ് എഡിറ്റോറിയൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 'കെ-റെയിൽ വിജ്ഞാപനവും സ്ഥലമേറ്റെടുക്കലുമെല്ലാം പുതിയ സർക്കാർ കഴിഞ്ഞ ദിവസം റദ്ദാക്കിയപ്പോൾ മുഖ്യമന്ത്രിതന്നെ പറഞ്ഞത്, 'സ്ഥലം ഏറ്റെടുക്കാൻ നാട്ടിയ മഞ്ഞക്കുറ്റികൾ നീക്കം ചെയ്യും. ആ മനുഷ്യർക്കു സ്വന്തം സ്ഥലം വിൽക്കാനോ ആർക്കെങ്കിലും വാങ്ങാനോ മക്കളുടെ ആവശ്യത്തിനു പണയം വയ്ക്കാനോ പോലും വയ്യാത്ത സ്ഥിതിയാണ്' എന്നാണ്. അതേ അവസ്ഥയിലാണ് മുനമ്പത്തെ മനുഷ്യർ. മുനമ്പം ഭൂമി വഖഫല്ലെന്നും തങ്ങൾ അധികാരത്തിലെത്തിയാൽ 10 മിനിറ്റുകൊണ്ട് പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.നീതിക്കുപോലും മതം തടസമാണെന്നു വരികയാണോ? സർക്കാരിൻറെ വിജ്ഞാപനം റദ്ദാക്കുന്നതുപോലെ എളുപ്പമല്ലേ വഖഫ് ബോർഡിൻറെ വിജ്ഞാപനങ്ങളെ തൊട്ടുകളിക്കാൻ?' എന്നും എഡിറ്റോറിൽ ചോദിക്കുന്നുണ്ട്.
നിയമം ഉണ്ടാക്കിയ കോൺഗ്രസിനെയും എഡിറ്റോറിയൽ വിമർശിക്കുന്നുണ്ട്. മതപ്രീണനത്തിനുവേണ്ടി കോൺഗ്രസ് പടച്ച ഒരു നിയമം മുനമ്പത്തുൾപ്പെടെ എത്ര മനുഷ്യരെയാണ് വഴിയാധാരമാക്കിയതെന്ന് എഡിറ്റോറിൽ ചോദിക്കുന്നുണ്ട്. 'എത്ര സംസ്ഥാന സർക്കാരുകളുടെ കൈകാലുകളാണ് ബന്ധിച്ചത്? എത്ര രാഷ്ട്രീയനേതാക്കളെയാണ് നിശബ്ദരാക്കിക്കളഞ്ഞത്? എത്ര കോടതികളെയാണ് നിസഹായരാക്കിയത്? എത്ര മതവിഭാഗീയതയ്ക്കാണ് അതിടയാക്കിയത്? കേരളത്തിൽപോലും എന്തു വർഗീയചിന്തകൾക്കാണ് അതു വളമിട്ടുകൊടുത്തത്? ഈ മതനിയമവാഴ്ചയ്ക്ക് അവസാനമില്ലേ? എന്നാണ് ദിപീകയുടെ എഡിറ്റോറിയൽ ചോദിക്കുന്നത്. ഇത്തരം കൈയേറ്റങ്ങൾ മേലാൽ സാധ്യമല്ലാത്തവിധം കേന്ദ്രസർക്കാർ നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. പക്ഷേ, അതിന് മുൻപ് ഈ മതനിയമത്തിൽ പെട്ടുപോയ മുനമ്പം നിവാസികളെ രക്ഷിക്കാൻ ഭേദഗതിയിൽ ഒന്നുമില്ലായിരുന്നു. മുനമ്പത്തെ വേട്ട തുടരാൻ ബോർഡിന് അതു സഹായകമായി. പിണറായി സർക്കാരും കുറെയൊക്കെ ശ്രമിച്ചെങ്കിലും പരിഹരിക്കാനായില്ലെന്നും' എഡിറ്റോറിയൽ പറയുന്നുണ്ട്.
'മുനമ്പത്തെ ജനങ്ങൾ പണംകൊടുത്തു വാങ്ങിയതും, അതു വഖഫ് ഭൂമിയല്ലെന്ന് അവർക്കത് കൊടുത്ത ഫാറൂഖ് കോളജ് ആണയിട്ടു പറയുകയും ചെയ്ത 404 ഏക്കർ സ്ഥലമാണ്, പുതിയ ഭേദഗതി അനുസരിച്ച് വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാനുള്ള കേന്ദ്രസർക്കാരിൻറെ ഉമീദ് പോർട്ടലിൽ വഖഫ് ബോർഡ് രജിസ്റ്റർ ചെയ്തത്. ഇതു വഖഫ് ആണോ അല്ലയോ എന്നതിൽ വഖഫ് ട്രൈബ്യൂണലിൽ കേസ് നിലനിൽക്കുന്നുണ്ട്. ഇതു വഖഫല്ലെന്ന് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ഒക്ടോബറിൽ നിരീക്ഷിച്ചിരുന്നതും എഡിറ്റോറിയൽ എടുത്ത് പറയുന്നുണ്ട്.
ഇസ്ലാമോഫോബിയ പലരും വളർത്തുന്നുണ്ടാകും. പക്ഷേ, അതു നിർമിച്ചെടുത്തതും കേടുകൂടാതെ സൂക്ഷിക്കുന്നതും ഇസ്ലാമിക തീവ്രവാദമാണ്. ഇന്ത്യയിലെ അതിൻറെ ഈറ്റില്ലങ്ങളിൽ ഒന്ന് വഖഫ് നിയമവും അതിൻറെ വെട്ടിപ്പിടിത്ത ഭേദഗതികളുമാണ്. അതാണ് ബോർഡ് കുറ്റബോധമേതുമില്ലാതെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ലോകത്ത് ഒരു മതേതര-ജനാധിപത്യ നിയമ വ്യവസ്ഥയിലും സാധ്യമല്ലാത്ത വകുപ്പുകളുമായി ബോർഡ് ഇരുളിൻറെ മറവിലെത്തുമ്പോൾ മുനമ്പത്തുകാർ പേടിക്കാതിരിക്കുമോ? 2025ൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനു മുന്നിൽ കഴിഞ്ഞ എൽഡിഎഫ് സർക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറൽ സ്വീകരിച്ച നിലപാട് മുനമ്പത്തുകാർക്ക് അനുകൂലമായിരുന്നു'വെന്നും എഡിറ്റോറിയൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
വഖഫിൻറെ ചെരുപ്പിനനുസരിച്ച് നീതിയുടെ കാലുകൾ വെട്ടിമുറിച്ചുകൊണ്ടേയിരിക്കുമ്പോൾ, ഇരകളേക്കാൾ വലിയ നിസഹായാവസ്ഥയിലാണോ തങ്ങളെന്ന് പുതിയ സർക്കാർ ആത്മപരിശോധന നടത്തണമെന്നും എഡിറ്റോറിയൽ ഓർമ്മപ്പെടുത്തുന്നുണ്ട്. വഖഫ് ബോർഡിൻറെ ഉമീദ് വിജ്ഞാപനം റദ്ദാക്കി, മുനമ്പത്തെ വഖഫ് കുറ്റികൾ പറിച്ച് അറബിക്കടലിൽ എറിയണം. അതുവരെ ‘10 മിനിറ്റ് വാഗ്ദാനമഴ’ നനഞ്ഞ ഇരകൾ മതേതരത്വത്തിൻറെ തിരകളെണ്ണി കടപ്പുറത്തുണ്ടാകും. എങ്ങോട്ടും പോകില്ല എന്ന് പറഞ്ഞാണ് ദീപിക എഡിറ്റോറിയൽ അവസാനിപ്പിക്കുന്നത്.
Content Highlights: Deepika newspaper strongly criticizes the Waqf Board and Congress leader VD Satheeshan, warning against compromising justice to suit Waqf interests. A sharp editorial exposing political interference and injustice in Kerala.