ഇടുക്കി: മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം. മലങ്കര ടൂറിസം പദ്ധതിയിൽ 112 കോടിയുടെ ക്രമക്കേടുണ്ടെന്ന പരാതിയിലാണ് അന്വേഷണം. ഇടുക്കി വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. പ്രാഥമിക അന്വേഷണം നടത്തി, എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് വിജിലൻസ് മേധാവിയുടെ നിർദേശം.
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന FSIT റീഡിഫൈൻ ഡെസ്റ്റിനേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കരാർ നൽകിയതിൽ ക്രമക്കേടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. മലങ്കര ജലാശയത്തിൽ നടത്തിയ ടൂറിസം പദ്ധതിയിൽ വലിയ അഴിമതി നടന്നെന്നാണ് ആരോപണം. ടെൻഡർ നൽകിയതിൽ വീഴ്ചയുണ്ടെന്നാണ് പരാതി.
പ്രൈവറ്റ് കമ്പനിക്ക് ലാഭമുണ്ടാക്കുന്ന രീതിയിലാണ് പദ്ധതിയുടെ ടെൻഡറെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. മുട്ടം സ്വദേശിയും തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ ബേബി ജോസഫാണ് പരാതി നൽകിയത്. യുഡിഎഫ് സർക്കാർ അധികാരത്തിലേറി ആറാം ദിവസമാണ് മുൻ മന്ത്രിക്കെതിരെയുള്ള വിജലൻസ് അന്വേഷണം.
Content Highlights: A vigilance investigation has been launched against former minister Roshy Augustine over alleged irregularities worth ₹112 crore in the Malankara tourism project.