പ്രായമായെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നവരേ,അവഗണിക്കപ്പെട്ടവരുടെ ശബ്ദമായി ഈ മനുഷ്യൻ ഇനിയുമുണ്ടാകും:മുഹമ്മദ് റിയാസ്

പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പി എ മുഹമ്മദ് റിയാസ് എംഎല്‍എ. തളരാത്ത മനസ്സിനും പതറാത്ത നിലപാടുകള്‍ക്കും ജന്മദിനാശംസകളെന്ന് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.

കോരന്റെ മകനെ അംഗീകരിക്കാനാവാത്ത ഫ്യൂഡല്‍ വരേണ്യതയും കോര്‍പ്പറേറ്റ് മാധ്യമങ്ങളും നിരന്തരമായി സഖാവിനെ ആക്രമിച്ചുകൊണ്ടേയിരിക്കുകയാണെന്നും പ്രസ്ഥാനത്തിനുമപ്പുറം ഈ മനുഷ്യന് നിലപാടില്ല എന്നത് കൊണ്ടാണ് ആക്രമത്തിന് ഇളവ് നല്‍കാത്തതെന്നറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രായമായെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നവരേ... അവഗണിക്കപ്പെട്ടവരുടെ ശബ്ദമായി ഈ മനുഷ്യൻ ഇനിയുമുണ്ടാകും, കൂടെ പോരാടാൻ ഞങ്ങളും എന്ന് കുറിച്ചാണ് മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് കുറിപ്പ്

തളരാത്ത മനസ്സിനും പതറാത്ത നിലപാടുകൾക്കും ജന്മദിനാശംസകൾ. കോരന്റെ മകനെ അംഗീകരിക്കാനാവാത്ത

ഫ്യൂഡൽ വരേണ്യതയും കോർപ്പറേറ്റ് മാധ്യമങ്ങളും നിരന്തരമായി സഖാവിനെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു.

പ്രസ്ഥാനത്തിനുമപ്പുറം ഈ മനുഷ്യന് നിലപാടില്ല എന്നത് കൊണ്ടാണ് ആക്രമത്തിന് ഇളവ് നൽകാത്തതെന്നറിയാം.

സകല മര്യാദകളും ലംഘിച്ച് അപവാദ പ്രചരണങ്ങൾ തുടർന്നു കൊണ്ടേയിരിക്കുന്നു.

വ്യക്തിപരമായി അധിക്ഷേപിച്ച് തകർത്തുകളയാൻ എല്ലാ അടവുകളും പയറ്റിക്കൊണ്ടേയിരിക്കുന്നു. മുഖ്യമന്ത്രി പദത്തിൽ ഇരുന്നയാൾ ഉടനെ പ്രതിപക്ഷ നേതാവായത് എന്തോ പുതിയ സംഭവമായാണ് ഇപ്പോഴുള്ള പ്രചരണം. സഖാക്കൾ ഇഎംഎസ്സും ഇകെ നായനാരും വിഎസ്സും ഇങ്ങനെ ആയത് അറിയാത്തവരല്ലല്ലോ ഈ പ്രചാരകർ. ഞങ്ങളെ സംബന്ധിച്ചിടത്തോളം ആര് എന്ത് ചുമതല നിർവ്വഹിക്കണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണ്.

ഇനി ഒന്ന് ഓർമ്മിപ്പിച്ചോട്ടെ, UDFൽ കെ കരുണാകരനും എ. കെ. ആൻ്റണിയും ഉമ്മൻചാണ്ടിയും ഇങ്ങനെ ആയതല്ലേ ?

എങ്ങിനെ വേണമെങ്കിലും നിങ്ങൾ വളഞ്ഞിട്ടടിച്ചോളൂ പക്ഷേ, ജനമനസിൽ സഖാവ്‌ അന്നും ഇന്നും എന്നും പോരാട്ടത്തിന്റെ പ്രതീകമാണ്. എക്കാലവും പ്രസ്ഥാനത്തിനുവേണ്ടി മാത്രം നിലകൊണ്ടതിനാണ്, വിട്ടുവീഴ്ചയില്ലാതെ നിലപാടു പറഞ്ഞതിനാണ് ഈ ആക്രമണമെന്ന് അറിയാം.

പ്രായമായെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നവരേ... അവഗണിക്കപ്പെട്ടവരുടെ ശബ്ദമായി ഈ മനുഷ്യൻ ഇനിയുമുണ്ടാകും,

കൂടെ പോരാടാൻ ഞങ്ങളും.

Content Highlights: mohammed riyas's birthday wishes to pinarayivijayan

To advertise here,contact us