സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വിജ്ഞാപനങ്ങളും റദ്ദ് ചെയ്യാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി ഉപേക്ഷിച്ചതിനാല്‍ നിരവധി വര്‍ഷങ്ങളായി ഭൂമി വില്‍ക്കാനോ വാങ്ങാനോ പണയപ്പെടുത്താനോ മകളുടെ വിവാഹത്തിന് ലോണ്‍ എടുക്കാന്‍ പോലും കഴിയാതെ സാധാരണക്കാര്‍ ബുദ്ധിമുട്ടുകയാണ്. അതിനാലാണ് നിലവിലെ തീരുമാനമെന്നും വി ഡി സതീശന്‍ പറഞ്ഞു.

സില്‍വര്‍ ലൈന്‍ സമരവുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലും പൊലീസ് സ്റ്റേഷനിലും നിലനില്‍ക്കുന്ന കേസുകള്‍ സ്വഭാവമനുസരിച്ച് പിന്‍വലിക്കനുള്ള ശുപാര്‍ശ കോടതിയില്‍ നല്‍കാന്‍ തീരുമാനിച്ചെന്നും വി ഡി സതീശന്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാരിസ്ഥിതികമായോ സാമ്പത്തികമായോ കേരളത്തെ ബാധിക്കാത്ത തരത്തിലുള്ള അതിവേഗ പദ്ധതിക്ക് എതിരല്ല. സില്‍വര്‍ ലൈന്‍ നടപ്പാക്കിയെങ്കില്‍ പാരിസ്ഥിതിക ദുരന്തം ആയേനെ. ഡിപിആര്‍ പോലും ഉണ്ടായിരുന്നില്ല. മണ്‍സൂണ്‍ തുടങ്ങിയാല്‍ ട്രെയിന്‍ മാത്രമല്ല ബോട്ട് കൂടെ ഓടിക്കാമായിരുന്നുവെന്നും വി ഡി സതീശന്‍ പരിഹസിച്ചു.

ഇപ്പോള്‍ അവസാനിക്കുന്നതും 2006 ഓഗസ്റ്റ് 31നകം കാലാവധി അവസാനിക്കുന്നതുമായ പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബര്‍ 30 വരെ ദീര്‍ഘപ്പിക്കുന്നതിനായി പിഎസ്‌സിയോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. നൂറ് ദിവസ കര്‍മ്മ പദ്ധതി ആസൂത്രണം ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: Silver Line project canceled said V D satheesan

To advertise here,contact us