സമുദായ നേതാക്കളോട് മറുപടി പറയാന്‍ ജാതിവാല്‍ ഉപയോഗിക്കേണ്ട സാഹചര്യം വി ഡി സതീശന് ഇല്ല: ജിന്റോ ജോണ്‍

'അപ്പർകാസ്റ്റ് പ്രിവിലേജ് അനുഭവിക്കുന്നവര്‍ മാത്രമാണ് ജാതിവാലുകള്‍ ഉപയോഗിക്കുന്നത്'

കൊച്ചി: സത്യപ്രതിജ്ഞയ്ക്കിടെ മുഖ്യമന്ത്രി വി ഡി സതീശന്‍ പേരിനൊപ്പം മോനോന്‍ എന്ന് ജാതി ചേര്‍ത്തുവായിച്ചതിനെ പരോക്ഷമായി വിമർശിച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍. സോ കോള്‍ഡ് അപ്പര്‍ കാസ്റ്റുകാര്‍ക്ക് മാത്രമാണ് ജാതിവാലുകളുടെ പ്രിവിലേജ് എന്നും ഈ പ്രിവിലേജ് അനുഭവിക്കുന്നവര്‍ മാത്രമാണ് ജാതിവാലുകള്‍ ഉപയോഗിക്കുന്നതെന്നും ജിന്റോ നിലപാട് വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ സെന്‍ട്രല്‍ ലെഫ്റ്റ് ഐഡിയോളജി പ്രകാരം ജാതിവാലുകള്‍ അധികഭാരമാണെന്നും ജിന്റോ ആവര്‍ത്തിച്ചു.

'വി ഡി സതീശന്റെ മതേതരത്വത്തെ ഒരിക്കലും സംശയിക്കേണ്ടതില്ല. കാര്യമറിയാതെ കയ്യടിക്കുന്ന ആളുകളോട് പൊളിറ്റിക്കല്‍ പൊസിഷന്‍ പറയുകയാണ് ഞാന്‍ ചെയ്തത്. കോണ്‍ഗ്രസിന്റെ സെന്‍ട്രല്‍ ലെഫ്റ്റ് ഐഡിയോളജി പ്രകാരം ജാതിവാലുകള്‍ അധികഭാരമാണ്. ഏതെങ്കിലും സമുദായ നേതാക്കളോട് മറുപടി പറയാന്‍ വേണ്ടി ജാതിവാലുകള്‍ ഉപയോഗിക്കേണ്ട സാഹചര്യം വി ഡി സതീശന് ഇല്ല', എന്നും ജിന്റോ ചൂണ്ടിക്കാട്ടി.

ജാതി വാലുകള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല എന്ന് ന്യായീകരിക്കുന്നത് രഞ്ജിത്തിന്റെ സിനിമകളിലെ പൊളിറ്റിക്കല്‍ ഇന്‍കറക്ട്‌നെസ് ആഘോഷമാക്കുന്നത് പോലെയാണ്. ജാതി വാലുകളുടെ പ്രിവിലേജ് സൊ കോള്‍ഡ് അപ്പര്‍ കാസ്റ്റുകള്‍ക്ക് മാത്രമാണ്. പ്രിവിലേജ് ഉള്ളവര്‍ മാത്രമാണ് ജാതിവാലുകള്‍ ഉപയോഗിക്കുന്നത്. ഈ പ്രിവിലേജ് ഇല്ലാത്തവരാണ് മഹാഭൂരിപക്ഷവും എന്നായിരുന്നു ജിന്റോയുടെ പ്രതികരണം.

ഫേസ്ബുക്കിലൂടെയായിരുന്നു വി ഡി സതീശനെ പരോക്ഷമായി വിമര്‍ശിച്ചുള്ള ജിന്റോയുടെ ആദ്യപ്രതികരണം. തേക്കുംകാട്ടില്‍ ജോണ്‍ റോമന്‍ കാത്തലിക് ജിന്റോ എന്നല്ല. ജിന്റോ ജോണ്‍. അത് മതി. അങ്ങനെ അറിയപ്പെട്ടാല്‍ മതി എന അതല്ലേ അതിന്റെ ഒരു ബ്യൂട്ടി എന്നാണ് ഫേസ്ബുക്ക് കുറിപ്പില്‍ ജിന്റോ ചോദിച്ചിരുന്നത്. പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകള്‍ ചുമക്കാത്ത കോണ്‍ഗ്രസ് ആകുന്നതാണ് കുറേക്കൂടി ഇന്‍ക്ലൂസീവെന്ന് അദ്ദേഹം കുറിച്ചിരുന്നു. തന്റെ രാഷ്ട്രീയം തന്റെ ബോധ്യങ്ങള്‍ കൂടിയാണെന്നും ഒരല്‍പം ലെഫ്റ്റ് ആയൊരു കോണ്‍ഗ്രസ് ബോധ്യമാണിതെന്നും പറഞ്ഞാണ് ജിന്റോ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Content Highlights: Only those who enjoy upper-caste privilege use caste Veils said jinto john

To advertise here,contact us