തിരുവനന്തപുരം: എം വിന്‍സെന്റിന് മന്ത്രിസ്ഥാനം നല്‍കാത്തതില്‍ ലത്തീന്‍ സഭയിൽ അതൃപ്തി പുകയുന്നു. മുൻകൂട്ടി അറിയിച്ചിട്ടും ലത്തീൻ സഭയുടെ ആവശ്യം പരിഗണിച്ചില്ലെന്നാണ് ആരോപണം. മന്ത്രിസഭാ രൂപീകരണത്തിന്റെ അന്തര്‍നാടകത്തില്‍ തങ്ങളുടെ ആവശ്യം ഒലിച്ചുപോയെന്ന് ലത്തീന്‍ സഭ അതിരൂപതാ വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര പറഞ്ഞു. തീരദേശത്തെ കുറിച്ച് അറിയുന്ന ഒരാള്‍ മന്ത്രിസഭയില്‍ ഉണ്ടാവണമെന്ന് ആഗ്രഹിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി വി ഡി സതീശൻ വെള്ളയമ്പലം ലത്തീൻസഭയിലെത്തി മടങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യൂജിന്‍ പെരേര.
മന്ത്രിസഭാ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി അന്തര്‍ നാടകങ്ങള്‍ നടന്നു. തങ്ങളുടെ ആവശ്യം ഉത്തരവാദിത്തപ്പെട്ട ആളുകളോട് പറഞ്ഞിരുന്നു. പല മന്ത്രിമാര്‍ക്കും കടല്‍ എന്താണെന്ന് അറിയില്ല. തീരപ്രദേശത്ത് വേണ്ടത്ര ശ്രദ്ധ ഉണ്ടാവുന്നില്ല. ഫിഷറീസ് വകുപ്പും മന്ത്രിയും തങ്ങളെ സംബന്ധിച്ച് പ്രധാനമാണ്. മത്സ്യത്തൊഴിലാളികളോട് പുറം തിരിഞ്ഞ് നില്ക്കുന്ന നിലപാട് സ്വീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
അതീവ ശ്രദ്ധയോടെ ആ കാര്യത്തില്‍ ഇടപെടും എന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കി. ഇടത് സര്‍ക്കാര്‍ ഒന്നും ചെയ്തില്ല എന്ന അഭിപ്രായമില്ല. പക്ഷെ അത് ഫോക്കസ്ഡ് ആയിരുന്നില്ല. മുന്നൂറോളം വീടുകള്‍ തകര്‍ന്നത് കാലാവസ്ഥാ വ്യതിയാനം കൊണ്ടാണെന്ന് പറയുന്നു. അത്തരം കള്ളങ്ങള്‍ വിശ്വസിക്കാന്‍ കഴിയില്ല. വലിയ തുക മുടക്കി നടത്തിയ പല പഠന റിപ്പോര്‍ട്ടുകളും പുറത്തുപോലും വന്നില്ല. മുന്‍കൂട്ടി അറിയിച്ചിട്ടും ലത്തീന്‍ സഭയുടെ ആവശ്യം പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ലത്തീൻ അതിരൂപതയുടെ അതൃപ്തി പരിഹരിക്കുന്നതിനായാണ് മുഖ്യമന്ത്രി വെള്ളയമ്പവത്തെത്തിയത്. ലത്തീൻ സഭയ്ക്ക് മന്ത്രിസഭയിൽ വേണ്ട പരിഗണന നൽകിയില്ലാന്ന ആരോപണം സഭ ഉയർത്തിയിരുന്നു.
Content Highlights: eugene perera about not giving M Vincent a ministerial position