ചെന്നൈ: വിവിധ എക്സിറ്റ് പോള്‍ പ്രവചനങ്ങളില്‍ മാറി മറിഞ്ഞ് ദ്രാവിഡ രാഷ്ട്രീയം. ഭരണ മുന്നണിയായ ഡിഎംകെയ്ക്ക് മുന്നേറ്റം പ്രവചിക്കുന്നതാണ് പീപ്പിള്‍സ് പള്‍സ്, മാട്രിസ് എക്സിറ്റ് പോളുകളെങ്കിൽ വിജയ്യുടെ ടിവികെയ്ക്ക് മേല്‍കൈ നല്‍കുന്നതാണ് ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം. വോട്ട് വൈബും ടൈംസ് നൗ ജെവിസിയും എഐഎഡിഎംകെയ്ക്ക് മുന്നേറ്റം പ്രവചിക്കുന്നു.
പീപ്പിള്‍സ് പള്‍സ് ഭരണമുന്നണിയായ ഡിഎംകെയ്ക്ക് 99 മുതല്‍ 127 സീറ്റുകള്‍ വരെ പ്രവചിക്കുമ്പോള്‍ എഐഎഡിഎംകെയ്ക്ക് 65 മുതല്‍ 80 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്. നടന് വിജയിയുടെ ടിവികെ 18 മുതല്‍ 24 സീറ്റുകളില്‍ ഒതുങ്ങുമെന്നാണ് സര്‍വ്വേ ഫലം.
മാട്രിസ് എക്സിറ്റ് പോള്‍ ഡിഎംകെയ്ക്ക് 122 മുതല്‍ 132 സീറ്റുകള്‍ വരെയും എഐഎഡിഎംകെ 87 മുതല്‍ 100 വരെ സീറ്റുകള്‍ വരെയും പ്രവചിക്കുന്നു. മാട്രിസ് സര്‍വ്വെയും ടിവികെയ്ക്ക് മുന്നേറ്റം പ്രവചിക്കുന്നില്ല. മാട്രിസ് 10 മുതല്‍ 12 സീറ്റുകള്‍ വരെ മാത്രമാണ് ടിവികെയ്ക്ക് നല്‍കുന്നത്.
അതേസമയം ടിവികെയ്ക്ക് വന്‍മുന്നേറ്റം പ്രവചിക്കുന്ന ആക്സിസ് മൈ ഇന്‍ഡ്യാ എക്സിറ്റ് പോള്‍ ടിവികെ ഭരണത്തിലേറുമെന്നും പ്രവചിക്കുന്നു. ടിവികെയ്ക്ക് 98 മുതല്‍ 120 സീറ്റുകള്‍ വരെയാണ് ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. ഡിഎംകെയ്ക്ക് 92 മുതല്‍ 110 സീറ്റുകള്‍ വരെയും എഐഎഡിഎംകെയ്ക്ക് 22 മുതല്‍ 32 സീറ്റുകള്‍ വരെയുമാണ് ആക്സിസ് മൈ ഇന്ത്യ പ്രവചവനം.
എഐഎഡിഎംകെയ്ക്ക് മുന്‍തൂക്കം പ്രവചിക്കുന്നതാണ് ജെവിസി ടൈംസ് നൗ, വോട്ട് വൈബ് എക്സിറ്റ് പോളുകള്‍. ജെവിസി എക്സിറ്റ് പോള്‍ പ്രകാരം എഐഎഡിഎംകെ 128 മുതല്‍ 147 സീറ്റുകള്‍ വരെയും വോട്ട് വൈബ് എക്സിറ്റ് പോള്‍ പ്രകാരം 114 മുതല്‍ 124 സീറ്റുകള്‍ വരെയും പ്രവചിക്കുന്നു. ഡിഎംകെ 75 മുതല്‍ 95 സീറ്റുകളും 103 മുതല്‍ 113 സീറ്റുകള്‍ വരെയുമാണ് ജെവിസി, വോട്ട് വൈബ് സര്‍വ്വേകള്‍ പ്രവചിക്കുന്നത്. രണ്ട് ഏജന്‍സികളും ടിവികെയ്ക്ക് എട്ട് മുതല്‍ അഞ്ചും നാല് മുതല്‍ പത്തും സീറ്റുകള്‍ പ്രവചിക്കുന്നു.
Content Highlights: Tamil Nadu Assembly election Result Exit polls