KC മുഖ്യമന്ത്രിയാകണം, തുലാഭാരം നടത്തി കോൺഗ്രസ് നേതാവ്; വഴിപാട് കൈപ്പത്തി ചിഹ്നവുമായി ബന്ധമുള്ള ക്ഷേത്രത്തിൽ

കെ സി വേണുഗോപാലിന്റെ ജന്മനക്ഷത്ര ദിനമായ രോഹിണി നാളിലാണ് വഴിപാട് നേര്‍ന്നത്

തൃശൂര്‍: എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് വേണ്ടി വഴിപാട്. കെ സി വേണുഗോപാല്‍ മുഖ്യമന്ത്രിയാകുന്നതിന് വേണ്ടി യൂത്ത് കോണ്‍ഗ്രസ് മുന്‍ തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സി എം അനില്‍കുമാര്‍ ആണ് വഴിപാട് നേര്‍ന്നത്. കെ സി വേണുഗോപാലിന്റെ ജന്മനക്ഷത്ര ദിനമായ രോഹിണി നാളിലാണ് വഴിപാട് നേര്‍ന്നത്.

കൈപ്പത്തി പ്രതിഷ്ഠയുള്ള ഏമൂര്‍ ഹേമാംബിക ക്ഷേത്രത്തിലാണ് വഴിപാട് നടത്തിയത്. ഈ ക്ഷേത്രത്തിന് കോണ്‍ഗ്രസുമായി ഒരു ബന്ധമുണ്ട്. ഇന്ദിരാ ഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ചിഹ്നമായ കൈപ്പത്തി തീരുമാനിക്കുന്നതിന് കാരണമായ ക്ഷേത്രദര്‍ശനത്തിന്റെ പേരില്‍ ചരിത്രപ്രസിദ്ധമായ ക്ഷേത്രമാണിത്. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കളഭം കൊണ്ടുള്ള തുലാഭാരത്തിനാണ് അനില്‍കുമാര്‍ ചീട്ട് നല്‍കിയത്.

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിന് ഇടയിലാണ് കെ സിക്ക് വേണ്ടി തുലാഭാരം നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അനുകൂലിച്ച് ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ന്നിരുന്നു. കെ സി വേണുഗോപാലിന്റെ വിശ്വസ്തന്‍ എ പി അനില്‍കുമാറിന്റെ മണ്ഡലത്തിലാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ അനുകൂലിച്ച് ഫ്‌ലക്സ് ബോര്‍ഡ് ഉയര്‍ന്നത്.

എന്നാല്‍ റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക് പിന്നാലെ ഫ്‌ലക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചിരുന്നു. ആരാണ് നശിപ്പിച്ചതെന്ന് വ്യക്തമല്ല. 'വി ഡി എസ് നയിക്കും, കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങള്‍', എന്ന വാചകങ്ങളാണ് ഫ്‌ളക്സില്‍ ഉണ്ടായിരുന്നത്. വണ്ടൂര്‍ ബൈപ്പാസ് റോഡിലും പൂക്കളത്തുമാണ് ഫ്‌ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നത്. തവനൂരിലും വി ഡി സതീശനെ പിന്തുണച്ച് ഫ്‌ളക്സ് സ്ഥാപിച്ചിരുന്നു.

വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉടലെടുത്തത്. മുഹമ്മദ് ഷിയാസായിരുന്നു ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. ആദ്യഘട്ടത്തില്‍ ആരോഗ്യപരമായ ചര്‍ച്ചകളായിരുന്നു എങ്കില്‍ അത് പിന്നീട് നേതാക്കളെ അധിക്ഷേപിക്കുന്ന തലത്തിലേക്ക് മാറുകയായിരുന്നു.

എന്നാല്‍ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ പരിധി വിട്ടുവെന്ന വിലയിരുത്തലിനെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കാന്‍ കെപിസിസിക്ക് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി ചര്‍ച്ചകളില്‍ ഘടക കക്ഷികള്‍ അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് ഹൈക്കമാന്‍ഡ് ഇടപെട്ടത്.

Content Highlights: Offering for AICC General Secretary in charge of organization K C Venugopal

To advertise here,contact us