നിതിന്‍ രാജിന്‍റെ മരണം: കേരളത്തില്‍ നാളെ ഹർത്താല്‍; സ്വകാര്യ വാഹനങ്ങള്‍ തടയുമെന്ന് ആക്ഷന്‍ കൗണ്‍സില്‍

ഹർത്താലിന് പൗരസമൂഹം ഉൾപ്പെടെ അറുപതോളം സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജ്ന്റെ മരണത്തില്‍ ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് നാളെ സംസ്ഥാനവ്യാപക ഹർത്താൽ. രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ. ജസ്റ്റിസ് ഫോർ നിതിൻ രാജ് ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ഹർത്താലിന് പൗരസമൂഹം ഉൾപ്പെടെ അറുപതോളം സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

നിതിൻ രാജിന്റെ മരണം ആത്മഹത്യയല്ലെന്നും ജാതീയ അധിക്ഷേപവും ക്യാമ്പസ് ഹരാസ്മെന്റും മൂലമുണ്ടായ സംഭവമാണെന്നുമാണ് ആക്ഷൻ കൗൺസില്‍ വ്യക്തമാക്കുന്നത്. അധ്യാപകരായ ഡോ. എം.കെ. റാം ഉൾപ്പെടെയുള്ള ഉത്തരവാദികളെ ഉടൻ അറസ്റ്റ് ചെയ്യുക, രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകുക, കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കുക, ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടനകള്‍ മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യങ്ങള്‍.

ഹർത്താൽ ബന്ദായി മാറുമെന്നും റോഡിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങൾ തടയുമെന്നും ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ സുനിൽ കൊയിലേരിയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യാപാരികൾ കടകമ്പോളങ്ങൾ അടച്ച് പൂർണ സഹകരണം നൽകണമെന്നും നേതൃത്വം ആവശ്യപ്പെട്ടു. അവശ്യ സേവനങ്ങൾ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കേരള പിന്നാക്ക സമുദായ മുന്നണി (കെപിഎസ്എം) ഉൾപ്പെടെ നിരവധി സംഘടനകൾ ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കേസ് സ്വതന്ത്ര ഏജൻസിക്ക് കൈമാറണം. ക്യാമ്പസ് കൊലപാതകങ്ങൾക്കെതിരെയുള്ള പ്രതിരോധമായാണ് ഈ ഹർത്താൽ മുന്നോട്ടുവെക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

അതേസമയം, നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ എം കെ റാമിന് കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം പ്രതി സംഗീത നമ്പ്യാർക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചു. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ഇരുവരുടേയും ജാമ്യാപേക്ഷ പരിഗണിച്ചത്. ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പുറമെ, പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള ഗൗരവമേറിയ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

Content Highlights: The Action Council has announced restrictions for the Kerala hartal on April 28, stating that private vehicles will be banned. However, essential services will continue without interruption. The guidelines aim to enforce the protest while ensuring that critical services remain accessible to the public.

To advertise here,contact us