പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. പമ്പ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേരളാ പൊലീസ് ആക്ട് 118 (e) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊതുസുരക്ഷയ്ക്ക് ഭംഗം വരുത്തുന്ന രീതിയില്‍ ഹെലികോപ്റ്റര്‍ പറത്തിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്. മുന്‍കൂര്‍ അനുമതിയില്ലാതെയാണ് ഹെലികോപ്റ്റര്‍ പറത്തിയതെന്നും നിര്‍മ്മിതികള്‍ക്ക് കേടുപാട് വരത്തക്ക രീതിയിലും ജീവനക്കാരില്‍ പരിഭ്രാന്തിയുണ്ടാക്കും വിധവുമാണ് ഹെലികോപ്റ്റര്‍ പറത്തിയതെന്നും എഫ്ഐആറില്‍ പറയുന്നു. CG 821 എന്ന നമ്പറിലുളള ഹെലികോപ്റ്റാണ് ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ പറന്നത്. നാലുപ്രാവശ്യം സന്നിധാനത്തിന് സമീപം താഴ്ത്തി പറത്തി.
ഇന്നലെ രാവിലെ 11 മണിയോടെയാണ് തീരസുരക്ഷാ സേനയുടെ സി ജി 821 എന്ന ഹെലികോപ്റ്റര്‍ സന്നിധാനത്ത് പറന്നത്. കൊടിമരത്തിന് അഞ്ച് മീറ്റര്‍ ഉയരത്തില്‍ വരെ ഹെലികോപ്റ്റര്‍ പറന്നിട്ടുണ്ട്. ഹെലികോപ്റ്ററില്‍ നാലുപേരാണ് ഉണ്ടായിരുന്നത്. ഒരാള്‍ ക്ഷേത്രത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. 30 സെക്കന്‍ഡ് സമയം സന്നിധാനത്തിന് സമീപം ഹെലികോപ്റ്റര്‍ പറന്നു. ആദ്യമായിട്ടാണ് ഹെലികോപ്റ്റര്‍ ക്ഷേത്രത്തിന്റെ വളരെ അടുത്തുകൂടി താഴ്ന്നുപറന്നത്. വിവിധ സ്ഥലങ്ങളില്‍ നിരീക്ഷണ പറക്കല്‍ നടത്താറുണ്ടെന്നും അതിന്റെ ഭാഗമായിട്ടാണ് ഹെലികോപ്റ്റര്‍ എത്തിയതെന്നും പ്രതിരോധ വകുപ്പിന്റെ കൊച്ചിയിലെ പിആര്‍ഒ വ്യക്തമാക്കി.
Content Highlights: Incident of helicopter flying over Sabarimala temple; Pampa police registers case