'രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയല്ല, ഭാവി കേരളത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍'; പോഡ്കാസ്റ്റുമായി ചെന്നിത്തല

പോഡ്കാസ്റ്റിനായി പുതിയ യൂട്യൂബ് ചാനല്‍ തുടങ്ങി

കൊച്ചി: കോൺഗ്രസിൽ മുഖ്യമന്ത്രിക്കസേരയ്ക്കായുള്ള പോര് കടുക്കുമ്പോള്‍ പുതിയ നീക്കവുമായി രമേശ് ചെന്നിത്തല. കേരളയാത്ര പോഡ്കാസ്റ്റുമായാണ് ചെന്നിത്തല രംഗത്തെത്തിയിരിക്കുന്നത്. പോഡ്കാസ്റ്റിനായി പുതിയ യൂട്യൂബ് ചാനല്‍ തുടങ്ങി.

രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയല്ല, മറിച്ച് ഭാവി കേരളത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് പോഡ്കാസ്റ്റെന്ന് ചെന്നിത്തല പറഞ്ഞു. നാല് പതിറ്റാണ്ടത്തെ തന്റെ പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ കാഴ്ചപ്പാടുകളാണ് പോഡ്കാസ്റ്റിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിച്ഛായ കൂട്ടാന്‍ പുതിയ തന്ത്രങ്ങളാണ് നേതാക്കൾ പയറ്റുന്നത്. റീലുകൾക്ക് പുറമേ ഡോക്യുമെന്ററികളും പുസ്തകങ്ങളും പുറത്തിറക്കിയാണ് പലരുടേയും പ്രചാരണം. പുസ്തകം പുറത്തിറക്കിയാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രചാരണം. നിയമസഭയിലെയും ലോക്‌സഭയിലെയും ശ്രദ്ധേയമായ പ്രസംഗങ്ങൾ കോർത്തിണക്കിയുള്ള പുസ്തകമാണ് കെ സി വേണുഗോപാൽ പുറത്തിറക്കുന്നത്. 'നേരിനൊപ്പം പോരാട്ടങ്ങള്‍ നിലപാടുകള്‍' എന്നാണ് പുസ്തകത്തിന്റെ പേര്. വിവിധ കാലഘട്ടങ്ങളില്‍ കെ സി വേണുഗോപാല്‍ ഉയര്‍ത്തിയ രാഷ്ട്രീയ നിലപാടുകളുടെയും പോരാട്ടങ്ങളുടെയും നേര്‍ക്കാഴ്ചയാണ് ഈ സമാഹാരം.

ലോകപുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ വക ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയാണെന്നായിരുന്നു കെ സി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഒട്ടേറെ മനുഷ്യര്‍ക്ക് ഉറ്റവരെയും കിടപ്പാടവും നഷ്ടപ്പെടുത്തിയ സുനാമിയെന്ന മഹാവിപത്ത് മുതല്‍, തൊഴിലില്ലായ്മയുടെ പൊള്ളുന്ന യഥാര്‍ഥ്യങ്ങള്‍ തൊട്ട്, കര്‍ഷകരും മത്സ്യത്തൊഴിലാളികളും നഴ്‌സുമാരും വിദ്യാര്‍ത്ഥികളും തുടങ്ങി സര്‍വതല സ്പര്‍ശിയായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള, മൂന്നു ദശാബ്ദ കാലത്തു നിയമനിര്‍മ്മാണ സഭകളില്‍ താന്‍ നടത്തിയ പ്രസംഗങ്ങളാണ് പുസ്തക രൂപത്തില്‍ ഇറങ്ങുന്നതെന്നും കെ സി വിശദീകരിച്ചു. ഡിസി ബുക്‌സ് ആണ് പ്രസാധകര്‍.

Content Highlights: ramesh chennithala started new podcast named kerala yathra

To advertise here,contact us