കോഴിക്കോട്: വടകരക്ക് പിന്നാലെ കുറ്റ്യാടിയിലും ബിജെപിയില്‍ പരസ്യ പ്രതിഷേധം. ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി ആര് പ്രഫുല്‍ കൃഷ്ണന്റെ കോലം കത്തിച്ചു. പ്രകടനമായി എത്തിയ ബിജെപി പ്രവര്‍ത്തകരാണ് കോലം കത്തിച്ചത്. 'ഇല്ലാതാക്കാന്‍ നോക്കുന്നു' എന്ന മുദ്രാവാക്യവും പ്രവര്‍ത്തകര്‍ ഉയര്‍ത്തി. തെരഞ്ഞെടുപ്പിന് പിന്നാലെ പ്രവര്‍ത്തകര്‍ക്കെതിരെ അച്ചടക്ക നടപടി എടുത്തതിലാണ് പ്രതിഷേധം.
ഇന്നലെ വടകരയിലും പ്രഫുല്‍ കൃഷ്ണന്റെ കോലം കത്തിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. 'പ്രസ്ഥാനത്തിലെ പാഷാണം, പ്രസ്ഥാനത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. ഇല്ലാതാക്കാന്‍ നോക്കുന്നുവെന്ന മുദ്രാവാക്യവും പ്രവര്‍ത്തകര്‍ ഉയര്‍ത്തിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോഴിക്കോട് ബിജെപിയില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ ഒരു വിഭാഗം രംഗത്തെത്തുകയും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരെ മത്സരിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. വടകരയില്‍ നിന്ന് ശ്യാംരാജ് കുരിയാടി, നാദാപുരത്ത് നിന്ന് കെ പത്മകുമാര്‍ എന്നിവര്‍ നേതൃത്വത്തിനെതിരെ മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചിരുന്നു. ഇവര്‍ക്ക് പിന്തുണയുമായി ഒന്‍പതോളം ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായതോടെ ശ്യാംരാജിനെയും പത്മകുമാറിനെയും, പിന്തുണയുമായി എത്തിയ പ്രവര്‍ത്തകരെയും ബിജെപി നോര്‍ത്ത് ജില്ലാ കമ്മിറ്റി പുറത്താക്കിയിരുന്നു. ഇതിനെതിരെയാണ് പ്രവര്‍ത്തകര്‍ പരസ്യമായി പ്രതിഷേധിച്ചത്.
Content Highlights- Following Vadakara, BJP faced open protest in Kuttiady as party workers reportedly burned the effigy of district president Praphul Krishnan